ഇന്നലെ മൈതാനം കളിയുടേത് മാത്രമായിരുന്നില്ല, ഞെട്ടലിന്റെയും കൂടിയായിരുന്നു. യൂറോ കപ്പില്‍ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ തളര്‍ന്ന് വീണു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലസി ഫീല്‍ഡ് ചെയ്യുന്നതിനിടെ മറ്റൊരു താരവുമായി കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റ് കളം വിട്ടു.

ക്വേറ്റ ഗ്ലാ‍ഡിയേറ്റേഴ്സും പെശാവാര്‍ സല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ഗ്ലാഡിയേറ്റേഴ്സ് താരമായ ഡൂപ്ലസി സഹതാരം മുഹമ്മദ് ഹാസ്നൈനുമായാണ് കൂട്ടിയിടിച്ചത്. 7-ാം ഓവറില്‍ ബൗണ്ടറി ഡൈവ് ചെയ്ത് തടഞ്ഞ ഡൂപ്ലസിയുടെ തല എതിരെ ഓടിയെത്തിയ ഹാസ്നൈനയുടെ കാലില്‍ ഇടിച്ചു. അല്‍പനേരം ബോധരഹിതനായ താരം പിന്നീട് ഉണര്‍ന്നു.

ഡൂപ്ലസിയെ കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരം കളം വിട്ടതോടെ സായിം അയൂബ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി. പത്തൊന്‍പത് കാരനായ അയൂബ് അഞ്ച് ട്വന്റി-20 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ലീഗിന്റെ ആദ്യ ഘട്ടത്തിലായിരുന്നു ഇവയൊക്കെ.

2021 ലാണ് ഡൂപ്ലസി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനൊപ്പം ചേര്‍ന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വച്ച പി.എസ്.എല്‍ ജൂണ്‍ 9-ാം തിയതിയാണ് പുനരാരംഭിച്ചത്.