ദുബായ്: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1.30ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 934 നമ്പര്‍ എയര്‍ ഇന്ത്യ വിമാനമാണ് 30 മണിക്കൂര്‍ വൈകി പുറപ്പെട്ടത്. വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസെടുത്ത് പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുമ്പാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.

അതേസമയം കേടായ വിമാനം നന്നാക്കുന്നതിനായി എൻജിനീയർമാർ എത്തിയെങ്കിലും അവർക്കുള്ള പാസ് ദുബായ് എയർപോർട്ട് അതോറിറ്റി നൽകാൻ താമസിച്ചതാണ് വിമാനം വൈകാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനം പുറപ്പെടാന്‍ വൈകിയതുമൂലം ദുരിതമനുഭവിച്ചത്. രണ്ടും മൂന്നും ദിവസത്തെ അവധിക്കായി നാട്ടിലേക്ക് പുറപ്പെടാനിരുന്നവര്‍ യാത്ര റദ്ദാക്കി.

വസ്ത്രങ്ങളടക്കമുള്ള അത്യാവശ്യ സാധനങ്ങൾ ലഗ്ഗേജില്‍ കയറ്റി വിട്ടതിനാല്‍ ഒരു ദിവസം വൈകിയ സാഹചര്യത്തില്‍ മതിയായ വസ്ത്രവും മറ്റുമില്ലാതെ ഏറെ ദുരിതമനുഭവിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. ഒന്നര ദിവസം വൈകി യുഎഇ സമയം വൈകീട്ട് 7.30നാണ് എയര്‍ഇന്ത്യ വിമാനം കൊച്ചിയലേക്ക് പുറപ്പെട്ടത്.