കൊച്ചി∙ ‘28 വർഷം മുമ്പ് സഹോദരിക്കുണ്ടായ അതേ ദുർവിധി തന്നെയും തേടിയെത്തിയിരിക്കുന്നു’– പരിഭവിക്കുന്നത് കുവൈത്തില്‍ അധ്യാപികയായ ജിജി. ‘ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് ഓടിപ്പോരുമ്പോൾ ചേച്ചി ആനി അനുഭവിച്ച ദുഃഖമാണ് ഇന്ന് തനിക്കുണ്ടായിരിക്കുന്നത്’ – ജിജി പറയുന്നു.
തന്റെ ഫ്ലാറ്റ് പൊളിക്കാൻ പോകുന്നു എന്നറിഞ്ഞാണ് ജിജി മക്കൾക്കൊപ്പം ഹോളിഫെയ്ത്ത് എച്ച്ടുഒ അപാർട്മെന്റിലെത്തിയത്. ഫ്ലാറ്റ് പൊളിക്കുന്നു എന്ന വിവരം ഒപ്പം ജോലി ചെയ്യുന്നവരെ അറിയിച്ചപ്പോൾ അവർക്ക് അത്ഭുതമാണ്. അവരുടെ രാജ്യത്തുള്ളവർക്ക് ഇന്ത്യ ഒരു മോഡലായിരുന്നു. ഇന്ത്യയിൽ അങ്ങനെയൊക്കെ സംഭവിക്കുമോ എന്നാണ് ചോദ്യം.
ഒഴിഞ്ഞു കൊടുക്കാൻ പറഞ്ഞപ്പോൾ സാധനങ്ങളെല്ലാം ആലുവയിലുള്ള സഹോദരിയുടെ വീട്ടിലേയ്ക്ക് മാറ്റുകയാണ്. പ്രതീക്ഷകളോടെ വാങ്ങിയ ഫ്ലാറ്റും അതിലെ ഉപകരണങ്ങളും ഉപയോഗിച്ചത് വളരെ കുറച്ചു ദിവസങ്ങൾ മാത്രം. ഇനിയൊരു വീടു പണിഞ്ഞ് ഇതൊക്കെ ഉപയോഗിക്കാൻ സാധിക്കുമോ എന്നതു സംശയമാണെന്നും ജിജി.ഫ്ലാറ്റ് പൊളിക്കാൻ ഒഴിഞ്ഞു കൊടുക്കണമെന്ന അറിയിപ്പിനെ തുടർന്ന് വിദേശത്തുനിന്ന് എമർജെൻസി ലീവെടുത്ത് എത്തിയത് നിരവധിപ്പേരാണ്. സാധനങ്ങൾ മറ്റിടങ്ങളിലേയ്ക്ക് മാറ്റുന്ന തിരക്കിലാണ് എല്ലാവരും. ഇതുവരെയും മാറാൻ വീടു കിട്ടാത്തവർ നിരവധി. ചിലർ സാധനങ്ങൾ ചോദിച്ചു വരുന്നവർക്ക് കുറ‍ഞ്ഞ വിലയ്ക്ക് വിൽക്കുന്നു.

രാത്രി ഉറങ്ങാതെ സാധനങ്ങൾ പായ്ക്ക് ചെയ്യുന്ന തിരക്കിലാണ് പലരും. ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും സ്വരുക്കൂട്ടി വാങ്ങിയ അപ്പാർട്മെന്റിൽ നിന്ന് കൈയിൽ കിട്ടുന്നതെല്ലാം എടുത്ത് താമസക്കാർ പടിയിറങ്ങുന്നു. അപ്പാർട്മെന്റുകളിലെ വാഷ് ബേസിനുകളും ക്ലോസറ്റുകളും ഉൾപ്പെടെയുള്ളവയാണു പലരും അഴിച്ചെടുത്തു നീക്കിയത്.

ഫ്ലാറ്റുകളുടെ ഉടമകളുടെ പ്രധാന സമര കേന്ദ്രമായിരുന്നു കുണ്ടന്നൂരിലെ എച്ച്2ഒ ഹോളിഫെയ്ത്. പരമാവധി പിടിച്ചു നിൽക്കാൻ ശ്രമിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നു ഫ്ലാറ്റ് ഉടമകൾ സാധനങ്ങൾ മാറ്റാൻ തുടങ്ങിയത്. ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ച ഇന്റീരിയർ ഉൾപ്പെടെ പൊളിച്ചെടുക്കുമ്പോൾ പലരും കണ്ണീർ വാർത്തു. ഒഴിയാനായി കുറച്ചു ദിവസത്തെ സാവകാശം ചോദിച്ചിട്ടു പോലും സർക്കാർ കേട്ടില്ലെന്ന വിഷമം കൂടി ഇവർ പങ്കുവയ്ക്കുന്നു.