ദുബായ് നഗരത്തിൽ ഡ്രൈവറില്ലാത്ത ടാക്സികൾ ഒാടുന്നത് കണ്ടാൽ അത്ഭുതപ്പെടേണ്ട, അതു യാഥാർഥ്യം തന്നെ. ഗൾഫിലെ ആദ്യത്തെ ഡ്രൈവർരഹിത ടാക്സി നാളെ നിരത്തിലിറങ്ങുമെന്ന് ആർടിഎ അറിയിച്ചു. നാളെ ദുബായ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന ജൈറ്റക്സ് ടെക്നോളജി വാരത്തോടനുബന്ധിച്ചാണ് ഇത്തരം ടാക്സികൾ അവതരിപ്പിക്കുക.
ഫെറി ദുബായ് മെട്രോ, ട്രാം യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതിനാണ് ദുബായ് ഇൗ ടാക്സികൾ സഹായിക്കുക. ദുബായ് സിലിക്കോൺ ഒയാസിസിലെ പ്രത്യേക സ്ഥലങ്ങളിലൂടെയായിരിക്കും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയ ടാക്സി സഞ്ചരിക്കുക. ക്യാമറകൾ, ട്രാഫിക്, റോഡിന്റെ അവസ്ഥ എന്നിവ കാണാവുന്ന സെൻസർ, മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള സംവിധാനം എന്നിവ ഏർപ്പെടുത്തിയാണ് ഡ്രൈവർ രഹിത ടാക്സികൾ നിര്‍മിച്ചിട്ടുള്ളത്.
ദുബായ് മെട്രോ, ട്രാം എന്നിവയിലെ യാത്രക്കാർക്ക് ഇവ ഏറെ പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുന്നതായി ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ദുബായ് സിലിക്കൺ ഒയാസിസ്, ഡിജി വേൾഡ് എന്നിവയുടെ സഹകരണത്തോടെ റോബട്ട്, ആർടിഫിഷ്യൽ ആപ്ലിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിർമിച്ചിട്ടുള്ളത്. 2030 നകം ദുബായിലെ ആകെ യാത്രയുടെ 25 ശതമാനം ഇത്തരം ടാക്സികളിലാക്കി മാറ്റുകയാണ് ലക്ഷ്യം. ദുബായ് മെട്രോയിലെ റോബട് ശുചീകരണതൊഴിലാളികൾ, ത്രിഡി പ്രിന്റഡ് മെട്രോ സ്പെയർ പാർട്സ്, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ് ബോട് സംവിധാനം എന്നിവയും ജൈറ്റക്സിൽ അവതരിപ്പിക്കും.
Leave a Reply