സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയാണ് വിവിധ ജില്ലകളില്‍ ഉണ്ടായത്. മഴ ശക്തമായതിനെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് അവധിയാണ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കാസര്‍കോട് ജില്ലകള്‍ക്കും മാഹിയിലും അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലും മഴ ശക്തമായതിനാല്‍ അവധി നല്‍കിയത്.

ഇതിനിടെ വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടയുണ്ടെന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. ഉയര്‍ന്ന തിരമാലകളും കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.