ഭർത്താവിന്റേയും മൂത്തമകളുടേയും മുഖം അവസാനമായി ഒരു നോക്കു കാണാൻ നിറവയറുമായി പ്രസവ വാർഡിൽ നിന്നും വീട്ടിലേക്കു വന്ന ഒരു വീട്ടമ്മയുടെ ദുരന്തം. സഹതപിക്കാനോ സ്വന്തനിപ്പിക്കാനോ കഴിയാതെ ഒരു ഗ്രാമം വിറങ്ങലിച്ചു നിന്ന നിമിഷം .മറ്റത്തിൽ വീടിന്റെ മുൻപിൽ വെള്ള പുതപ്പിച്ച് കിടത്തിയ രണ്ടു മൃതദേഹങ്ങൾക്കരികിലായി കണ്ണീർ വറ്റി അർധബോധാവസ്ഥയിൽ ഇരിക്കുന്ന രേവതിയുടെ അവസ്ഥ കണ്ട് ഒരു നാടാകെ വിങ്ങിപ്പൊട്ടി. നിറവയറിൽ കൈകൾ ചേർത്തുവച്ച് പരിതപിച്ച രേവതിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവരുടെ അമ്മയും കണ്ണീർ മറയ്ക്കാൻ പാടുപെട്ടു.

ദേശീയപാതയിൽ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ച തൃക്കാക്കര തോപ്പിൽ അരവിന്ദ് ലെയ്ൻ മറ്റത്തിൽ മജേഷിന്റെയും (35), മകൾ അർച്ചനയുടെയും (എട്ട്)സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് ആശുപത്രിയിൽനിന്ന് രേവതി വീട്ടിലേക്ക് മടങ്ങിയത്.

ഭർത്താവിന്റെയും മകളുടെയും മരണവാർത്ത രേവതിയെ അറിയിച്ചിരുന്നില്ല. അപകടത്തിൽ പരിക്കുപറ്റി എന്നുമാത്രമാണ് അറിയിച്ചിരുന്നത്. ഇരുവരും വീട്ടിലേക്ക് വരുന്നത് കാത്തിരുന്ന രേവതിക്ക് അരികിലേക്ക് ആദ്യമെത്തിയത് അർച്ചനയുടെ അനക്കമില്ലാത്ത ശരീരമായിരുന്നു. മകളെ കണ്ട് അലറിവിളിച്ച് കരഞ്ഞ രേവതിക്ക് പ്രഹരമാവുകയായിരുന്നു മിനിറ്റുകൾക്കകം ഭർത്താവ് മജേഷിന്റെ മൃതദേഹവും വീടിന് വെളിയിൽ തയ്യാറാക്കിയിരിക്കുന്ന പന്തലിലേക്കെത്തിച്ച സംഭവവും.

രേവതിയെ പ്രസവത്തിനായി പാതാളത്തെ ഏലൂർ ഇഎസ്‌ഐസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രസവത്തിന് മൂന്നോ നാലോ ദിവസം കൂടി ഉണ്ടായിരിക്കെ ചൊവ്വാഴ്ച പ്രസവദിവസമാക്കുകയായിരുന്നു. ഇതിനുവേണ്ട ആശുപത്രി രേഖകളിലൊക്കെ ഒപ്പിട്ട് കൊടുത്ത ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മജേഷിന്റെയും മകളുടെയും ദാരുണാന്ത്യം.

ഇരുവരുടെയും മരണത്തെ തുടർന്ന് രേവതിക്ക് പ്രസവത്തിനുള്ള മരുന്നുകൾ നൽകിയില്ല. ചൊവ്വാഴ്ച രാവിലെയോടെ രേവതിയെ മജേഷിനും മകൾക്കും അപകടം പറ്റിയതായി അറിയിച്ചു. എന്നാൽ ഇരുവരും മരിച്ച വിവരം അറിയിച്ചില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് രേവതിയെ ഉച്ചയ്ക്ക് 1.50ഓടെ ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ തൃക്കാക്കരയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. മരണാനന്തര ചടങ്ങുകൾക്കു ശേഷം രേവതിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചു. മൃതദേഹങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി നിരവധിയാളുകൾ വീട്ടിലെത്തിയിരുന്നു.

കോവിഡ് 19 നിർദേശങ്ങൾ പാലിച്ച് പോലീസിന്റെ സഹായത്തിലാണ് കാണാനെത്തിയവരെ നിയന്ത്രിച്ചത്. പിടി തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ ഉഷ പ്രവീൺ, മുൻ എംഎൽഎ എഎം യൂസഫ്, ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.

പരേതനായ ബാബുവിന്റേയും ഇന്ദിരയുടേയും മകനായ മജേഷ് ഇടപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ്. ബിജെപി തൃക്കാക്കര അയ്യനാട് ഏരിയ കമ്മിറ്റിയംഗമാണ്. കളമശ്ശേരി സെയ്ന്റ് ജോസഫ്‌സ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയായിരുന്നു മരിച്ച അർച്ചന. കാക്കനാട് അത്താണി ശ്മശാനത്തിൽ ഇരുവരുടെയും സംസ്‌കാരം നടത്തി.