ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു നിമിഷങ്ങൾക്കു മുൻപ് ലോറിഡ്രൈവർ അഡൾട്ട് ഡേറ്റിംഗ് സൈറ്റുകളിൽ തിരയുകയായിരുന്നുവെന്ന് കണ്ടെത്തൽ. കഴിഞ്ഞ ജൂലൈയിൽ ഉണ്ടായ അപകടത്തിൽ 57 കാരനായ ഡേവിഡ് ഡാഗ്ലിഷ്, 59 കാരിയായ എലൈൻ സല്ലിവൻ, 51 കാരനായ പോൾ മില്ലാൻ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിന് കാരണക്കാരനായ 41 കാരൻ അയോൺ ഒനട്ട് വാഹനമോടിക്കുന്ന സമയങ്ങളിൽ അഡൾട്ട് ഡേറ്റിംഗ് സൈറ്റുകളിൽ സെർച്ച് ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഇദ്ദേഹത്തിന് എട്ടു വർഷവും 10 മാസവുമുള്ള ജയിൽ ശിക്ഷയാണ് കോടതി ചൊവ്വാഴ്ച വിധിച്ചത്. രണ്ട് ഡേറ്റിംഗ് സൈറ്റുകളിൽ മാറിമാറി അദ്ദേഹം സെർച്ച് ചെയ്തെന്നും, വിവിധ പ്രൊഫൈലുകൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. രാസവളവുമായി പോവുകയായിരുന്ന അദ്ദേഹത്തിന്റെ ലോറി അൻപത് കിലോമീറ്റർ വേഗതയിലാണ് ഓടിക്കൊണ്ടിരുന്നത് എന്നും കോടതി വിലയിരുത്തി

അപകടകരമായ രീതിയിൽ വണ്ടിയോടിച്ചത് മൂലമാണ് ഇത്തരത്തിലൊരു അപകടമുണ്ടായതെന്നും കോടതി വിലയിരുത്തി. റോഡിലെ ലെയ് നുകളിൽ അങ്ങോട്ടുമിങ്ങോട്ടും ലോറി നിരങ്ങി നീങ്ങുന്നത് കാഴ്ചക്കാർ കണ്ടിരുന്നു. ഇന്റർനെറ്റിൽ മുഴുകിയിരുന്നതിനാലാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായതെന്ന് ജഡ്ജി വിലയിരുത്തി. ഒരാളുടെ അശ്രദ്ധ മൂലം നിരവധി ജീവനുകളാണ് പൊലിഞ്ഞതെന്നും, ഇത്തരത്തിലൊന്ന് ഇനി മേലിൽ ആവർത്തിക്കപ്പെടേണ്ടതല്ലെന്നും കോടതി വ്യക്തമാക്കി.