എടത്വ: കോവിഡ് ബാധിച്ച് മരണമടഞ്ഞ യുവതിയെ തലവടി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ മാണത്താറ യൂണിറ്റ് പ്രവർത്തകർ സംസ്കരിച്ചു. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകള്‍ പ്രിയങ്ക (26) ആണ് നവജാത ശിശുവിനെ ഒരുനോക്ക് കണ്ടശേഷം കഴിഞ്ഞ ദിവസം കോവിഡ് രോഗത്തിന് കീഴടങ്ങിയത്. തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റു വാങ്ങി.സംസ്കാരം ആഗസ്റ്റ് 25 ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലവടിയിലെ കുടുംബ വീട്ടിൽ നടത്തി.ഡി.വൈ.എഫ് .ഐ മാണത്താറ യൂണിറ്റ് സെക്രട്ടറി ധനരാജ്, അംഗങ്ങളായ സ്വാതി ഗുരുദാസ്,ബിബീഷ് പ്രിയദർശിനി, ശ്യാംലാൽ, രഞ്ജിത്ത് ലാൽ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം എ.പി.ലാൽകുമാർ എന്നിവർ സംസ്ക്കാര ചടങ്ങിന് നേതൃത്വം നല്കി.

സംസ്ക്കാര ചടങ്ങിന് നേതൃത്വം നല്കിയ യുവാക്കളെ സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി നായർ, വൈസ് പ്രസിഡൻറ് ജോജി ഏബ്രഹാം, എൽ.സി.സെക്രട്ടറി സജി, അച്ചമോൻ, ഡിവൈഎഫ്ഐ തലവടി സൗത്ത് മേഖല കമ്മിറ്റി പ്രസിഡൻറ് രതീഷ് സി.ആർ, സെക്രട്ടറി രജീഷ് കുമാർ പി.വി എന്നിവർ അഭിനന്ദിച്ചു.

ചൊവ്വാഴ്ച രാവിലെ 6.30-നാണ് പ്രിയങ്ക മരിച്ചത്.ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്ക പനിബാധയെ തുടര്‍ന്ന് പച്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിതീകരിച്ചു. ഗർഭിണിയായ പ്രിയങ്കയുടെ തുടര്‍ ചികിത്സക്കായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റി.രോഗം മൂര്‍ശ്ശിച്ചതോടെ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ സമ്മതപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തിരുന്നു. നവജാത ശിശു ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിചരണത്തിലാണ് .പ്രിയങ്കയുടെ അമ്മ ഹരിപ്പാട് കോവിഡ് ആശുപത്രിയിലാണ്.