വീണ്ടും മുഖ്യമന്ത്രിയാകുമെന്ന വാദവുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. താൻ എത്തിയ ശേഷം ബിജെപി വലിയ മുന്നേറ്റം കാഴ്ചവെച്ചു കൊണ്ടിരിക്കുകയാണെന്നും ബിജെപി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും ശ്രീധരൻ ആവർത്തിച്ചു. താൻ എത്തുന്നതിന് മുൻപ് നടത്തിയ സർവേകളായതിനാലാണ് ബിജെപിക്ക് മുൻതൂക്കം പ്രവചിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ ബിജെപിയിൽ ചേർന്ന ശേഷം ബിജെപിയുടെ മുഖച്ഛായ തന്നെ മാറി. 15 ശതമാനം വരെ അധികം വോട്ട് കിട്ടും. 32 ശതമാനമൊക്കെ വോട്ട് കിട്ടിയാൽ അധികാരത്തിൽ വരാൻ ഒരു പ്രശ്‌നവുമില്ല. നാട്ടുകാരെല്ലാം എനിക്ക് വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. ഇനി അധികാരത്തിൽ വന്നില്ലെങ്കിൽ തന്നെ ഞാൻ കിങ് മേക്കറാകും. ബിജെപി ജയിച്ചാൽ അവരാണ് നിശ്ചയിക്കേണ്ടത് ആരാണ് മുഖ്യമന്ത്രി ആവേണ്ടതെന്ന്. ഞാൻ ആവശ്യപ്പെടില്ല. അവർ നിശ്ചയിക്കുകയാണെങ്കിൽ ഏറ്റെടുക്കാൻ ഒരു മടിയുമില്ല എനിക്ക്,’- ശ്രീധരൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടാതെ സർവേകളെല്ലാം കൃത്രിമം ആണെന്നും താൻ ബിജെപിയിൽ ചേരുന്നതിന് മുൻപാണ് സർവേകൾ പുറത്തുവന്നിട്ടുള്ളത് അതിനാൽ അതൊന്നും കണക്കിലെടുക്കേണ്ടെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു. രാജ്യത്ത് പൊതുവിൽ തനിക്കുള്ള പ്രതിച്ഛായ പാലക്കാട് തെരഞ്ഞെടുപ്പിൽ സഹായകരമാകുമെന്നും, സംസ്ഥാനത്ത് ബിജെപിക്കും ഇത് സഹായകരമാകുമെന്നും ശ്രീധരൻ നേരത്തേ പറഞ്ഞിരുന്നു.

‘മാറി മാറി വന്ന ഇടത് വലത് സർക്കാരുകൾ കേരളത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. തമിഴ്‌നാട്, കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ അതിവേഗമാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. എന്നാൽ കേരളം മിക്ക കാര്യങ്ങളിലും പിന്നിലാണ്,’-ശ്രീധരൻ പറഞ്ഞിരുന്നു.