ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയായി കാണാൻ ജനം ആ​ഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.

ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ കേന്ദ്രം നേതൃത്വം അതൃപ്തി അറിയിച്ചതോടെയാണ് സുരേന്ദ്രന്റെ മലക്കംമറിച്ചിൽ.

അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് ഇ. ശ്രീധരൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി. മുരളീധരൻ അടക്കം രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വി. മുരളീധരൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പാർട്ടി അത്തരമൊരു നിർദേശം വെച്ചാൽ സ്വീകരിക്കും. ഇപ്പോഴത്തെ വിവാദങ്ങളിൽ വിഷമമില്ലെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി. ജനസേവനം മാത്രമാണ് തന്‍റെ ലക്ഷ്യം. ഒരു പദവിയും ആഗ്രഹിച്ചല്ല ബി.ജെ.പിയിൽ ചേർന്നതെന്നും ഇ. ശ്രീധരൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.