യുഎസില്‍ മുന്‍കൂര്‍ വോട്ടുകളില്‍ വര്‍ധന; ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 5.9 കോടി ആളുകള്‍, റെക്കോഡിലേക്ക്‌

യുഎസില്‍ മുന്‍കൂര്‍ വോട്ടുകളില്‍ വര്‍ധന; ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 5.9 കോടി ആളുകള്‍, റെക്കോഡിലേക്ക്‌
October 26 13:40 2020 Print This Article

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ശേഷിക്കെ, മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം 2016ലെ കണക്കുകള്‍ മറികടന്നു. ഞായറാഴ്ച വരെ 5.9 കോടി ആളുകള്‍ വോട്ടുചെയ്തതായാണ് ഫ്‌ളോറിഡ സര്‍വകലാശാലയിലെ സ്വതന്ത്ര വോട്ട് മോണിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഇലക്ഷന്‍ അസിസ്റ്റന്‍സ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം, 2016ല്‍ 5.7 കോടി ആളുകളാണ് മുന്‍കൂര്‍ വോട്ട് ചെയ്തത്. 2016ല്‍ ആകെ 13.7 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. 55.5 ശതമാനമായിരുന്നു വോട്ടിംഗ് നിരക്ക്. ഏര്‍ലി വോട്ടിങ്ങിനൊപ്പം മെയില്‍ വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതിനാല്‍ ഇക്കുറിയത് 15 കോടി കവിഞ്ഞേക്കുമെന്നാണ് കരുതുന്നത്.

കോവിഡ് കാലം കണക്കിലെടുത്ത് മുന്‍കൂര്‍ വോട്ടിങ്ങിനെ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ വളരെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് അനുകൂലമായി വരുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ല. അതേസമയം, മെയില്‍ വോട്ടിങ്ങിനെ ഉള്‍പ്പെടെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്ന നിലപാടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വീകരിച്ചിരുന്നത്. അതിനാല്‍ വോട്ടെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് റിപ്പബ്ലിക്കന്മാര്‍ കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെയുള്ള അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് മുന്‍തൂക്കം. എന്നാല്‍, ജോ ബൈഡന് പൂര്‍ണമായി ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്നാണ് അവസാന സര്‍വേകള്‍ സൂചിപ്പിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ രണ്ടക്ക ലീഡ് നേടിയ ബൈഡന് അവസാന നാളുകളില്‍ തിരിച്ചടിയുണ്ടാകുന്നതായാണ് സര്‍വേഫലം. പല സംസ്ഥാനങ്ങളിലും ലീഡില്‍ ഇടിവുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ സംസ്ഥാനങ്ങളിലെയും നിഷ്പക്ഷ സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന വോട്ടിംഗ് ശതമാനം പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. ടെക്‌സസില്‍ 2016ലെ മുന്‍കൂര്‍ വോട്ടിന്റെ 80 ശതമാനമാണ് ഞായറാഴ്ചയോടെ പൂര്‍ത്തിയായത്. വോട്ടെടുപ്പ് ദിവസം ചെയ്‌തേക്കാവുന്ന വോട്ടുകള്‍ കൂടി കണക്കിലെടുത്താല്‍ ഇത്തവണ വോട്ടുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. 1980 മുതല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന ടെക്‌സസില്‍ വോട്ടിംഗ് ശതമാനം വര്‍ധിക്കുന്നത് ട്രംപിന് കൂടുതല്‍ നേട്ടമാകും.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇക്കുറി മെയില്‍ വോട്ടുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മെയില്‍ വോട്ടുകള്‍ വര്‍ധിക്കുന്നത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന നിലപാടായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായിരുന്നത്. മെയില്‍ വോട്ടുകള്‍ വ്യാപകമായ തട്ടിപ്പിന് കാരണമാകുമെന്നും തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആളുകള്‍ക്ക് കൃത്യമായും സുരക്ഷിതമായും സുരക്ഷിതമായും വോട്ടുചെയ്യാന്‍ കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് വൈകിക്കണം. മെയില്‍-ഇന്‍ വോട്ടിംഗിലൂടെ ചരിത്രത്തിലെ ഏറ്റവും കൃത്യതയില്ലാത്തതും വഞ്ചനാപരവുമായ തിരഞ്ഞെടുപ്പായിരിക്കും 2020ല്‍ നടക്കാന്‍ പോകുന്നത്. ഇത് അമേരിക്കയ്ക്ക് തന്നെ വലിയ നാണക്കേടാകും എന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. എന്നാല്‍ ട്രംപിന്റെ ആവശ്യം കോണ്‍ഗ്രസോ കോടതിയോ അംഗീകരിച്ചിരുന്നില്ല. അതിനു പിന്നാലെ യുഎസ് പോസ്റ്റല്‍ സര്‍വീസ് ചില നയമാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. മെയില്‍ ബാലറ്റുകളുടെ ഡെലിവറി സമയം മന്ദഗതിയിലാക്കുകയും അതിവേഗ ലെറ്റര്‍ സോര്‍ട്ടറുകളെ കമ്മീഷനില്‍ നിന്ന് നീക്കിയതിനുമൊപ്പം മെയില്‍-ഇന്‍ ബാലറ്റുകള്‍ക്ക് മേലില്‍ മുന്‍ഗണന ഇല്ലെന്നും പോസ്റ്റല്‍ സര്‍വീസ് വ്യക്തമാക്കി. പുതിയ പരിഷ്‌കാരങ്ങള്‍ തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്ന ആശങ്കകള്‍ അതോടെ വര്‍ധിച്ചു. നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. ഡെമോക്രാറ്റ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നിയമ നടപടികളുമായി മുന്നോട്ടുവന്നതോടെ വിവാദം കോടതി കയറി. പോസ്റ്റല്‍ സര്‍വീസിലെ നയ മാറ്റങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ലൂയി ഡിജോയ് റദ്ദാക്കേണ്ട സാഹചര്യവുമുണ്ടായി. മെയില്‍ വോട്ടുകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ഡെമോക്രാറ്റിക് നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles