ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈസ്റ്റ്‌ ഹാം : വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല റസ്റ്ററന്റില്‍ നടന്ന കത്തിക്കുത്തില്‍ ഇരയായത് ഈസ്റ്റ്‌ ലണ്ടൻ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥിനിയെന്ന് സ്ഥിരീകരണം. ഈ ഫെബ്രുവരിയിൽ മാസ്റ്റേഴ്സ് ചെയ്യാനായി ലണ്ടനിലെത്തിയ സോനാ ബിജു (22)വിനാണ് കുത്തേറ്റത്. അക്രമിയും ഇതേ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ്. “മാർച്ച് 25 വെള്ളിയാഴ്ച ഹൈദരാബാദ് വാല റസ്റ്ററന്റിൽ നടന്ന സംഭവത്തിൽ ഞങ്ങളുടെ രണ്ട് വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്. മെട്രോപൊളിറ്റൻ പോലീസുമായി സഹകരിക്കുന്നവർക്ക് ഞങ്ങൾ പിന്തുണ നൽകുന്നു.” – ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

സോനയെ റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും റിപ്പോർട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയായ ശ്രീറാം അംബർല (23) യ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തിങ്കളാഴ്ച ഈസ്റ്റ് ലണ്ടനിലെ തേംസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഏപ്രിൽ 25ന് ഓൾഡ് ബെയ്‌ലിയിൽ ഹാജരാകണം.

റസ്റ്ററന്റിലെ സിസിടിവിയിൽ നിന്നുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചു. റസ്റ്ററന്റിൽ ഇരുന്ന ഒരാൾ യുവതിയെ കടന്നുപിടിക്കുന്നത് കാണാം. ഭയന്ന് പോയ യുവതിയുടെ കൈകള്‍ ചുറ്റിപ്പിടിച്ച് കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞു. നിലത്തു വീഴുന്നതിന് മുമ്പ് യുവതിയുടെ കഴുത്തിലും ശരീരത്തിലും മുറിവേല്പിച്ചു. റസ്റ്ററന്റിൽ ഇരുന്ന മറ്റാളുകൾ അക്രമിയെ കീഴ് പ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തറയിൽ കിടന്ന യുവതിയെ വീണ്ടും മുറിവേല്പിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് ഇയാളെ പിടികൂടി. കുത്താനുപയോഗിച്ച കത്തിയടക്കമുള്ള തെളിവുകള്‍ പൊലീസിന് സംഭവ സ്ഥലത്തു നിന്ന് തന്നെ ലഭിച്ചു.