ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഉടനീളം ഈസ്റ്റർ വാരാന്ത്യത്തിൽ യാത്രകൾക്ക് തടസ്സം നേരിട്ടേക്കാമെന്ന വാർത്തകൾ നേരത്തെ മലയാളം യുകെ ന്യൂസ് പുറത്തുവിട്ടിരുന്നു. എന്നാൽ പ്രസിദ്ധീകരിച്ച വാർത്തകളിൽ പറഞ്ഞതിനേക്കാൾ സ്ഥിതി ഗുരുതരമാകുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതൽ ആളുകൾ റോഡ് മാർഗം സഞ്ചരിക്കുന്നതിനാൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കും . ഇതിന് പുറമെ റെയിൽ എൻജിനീയറിംഗ് ജോലികൾ, എയർപോർട്ട് പണിമുടക്ക് എന്നിവ കൂടി ഉള്ളതുകൊണ്ട് കനത്ത ട്രാഫിക്കിന് കാരണമാകുമെന്നാണ് അറിയാൻ സാധിച്ചത്.
നെറ്റ്‌വർക്ക് റെയിൽ 300 ലധികം അറ്റകുറ്റപണികൾ ഈ വാരാന്ത്യത്തിൽ നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ ദുഃഖവെള്ളിയാഴ്ച 20 ലക്ഷം ആളുകൾ യാത്ര ചെയ്യുന്നത് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുമെന്ന് ആർ എ സി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കൂടാതെ വിവിധ സ്ഥലങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട്, സൗത്ത് വെയിൽസ്, വടക്കൻ അയർലണ്ടിൻ്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴയെ കുറിച്ചുള്ള യെല്ലോ മുന്നറിയിപ്പുകളോടു കൂടിയ കാലാവസ്ഥയും യാത്രയെ ബാധിച്ചേക്കാം. ഗാറ്റ്‌വിക്ക് എയർപോർട്ടിലെ പണിമുടക്ക് വിമാന സർവീസുകളെയും ബാധിക്കുമെന്ന വാർത്തകളും ഇതിനൊപ്പം പുറത്തു വന്നിട്ടുണ്ട്.
ഈ ദിവസങ്ങളിൽ ഏകദേശം 2.7 ദശലക്ഷം ആളുകൾ വാഹനങ്ങളിൽ റോഡ് മാർഗം യാത്ര ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ചൂടുള്ള കാലാവസ്ഥയായതിനാൽ കൂടുതൽ പേർ വിനോദയാത്രകൾക്കായി വീട് വിട്ട് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈസ്റ്റർ വാരാന്ത്യത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം ട്രാഫിക് കൂടുതലായിരിക്കും. വിവിധ വിമാനത്താവളത്തിലേയ്ക്ക് പോകുന്നവർ റോഡുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ട്രാഫിക് ബ്ലോക്കിനെ കുറിച്ച് മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ യാത്ര മുടങ്ങാനുള്ള സാധ്യതയുണ്ട്. വിവിധ വിമാനത്താവളങ്ങളിലേയ്ക്കുള്ള റോഡുകളിൽ ഒരു മണിക്കൂർ സമയത്തോളം ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് .
Leave a Reply