ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ വിമാന യാത്രാ തടസ്സം തുടരുന്നതിനാൽ ഡസൻ കണക്കിന് വിമാനസർവീസുകൾ റദ്ദാക്കി ഈസിജെറ്റ്, വിസ് എയർ എന്നിവയുൾപ്പെടെയുള്ള വിമാനക്കമ്പനികൾ. ഞായറാഴ്ച 80 വിമാനസർവീസുകൾ വെട്ടിക്കുറച്ചതായി ഈസിജെറ്റ് അറിയിച്ചു. ഇതിനെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഉണ്ടാവുന്ന തടസ്സങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും അധികൃതർ അറിയിച്ചു. അർദ്ധ കാല അവധിദിവസങ്ങളിൽ യുകെയിലെ ഫ്ലൈറ്റ് റദ്ദാക്കലുകൾ നിരവധി കുടുംബങ്ങൾക്ക് തടസ്സം ഉണ്ടാക്കിയിരുന്നു. വിമാനസർവീസുകളുടെ കുറവ് മൂലം നിരവധി കുട്ടികൾക്ക് ഇന്ന് രാവിലെ സ്കൂളിൽ എത്താൻ സാധിക്കില്ല.
പല വിമാന സർവീസുകളും അവസാന നിമിഷം റദ്ദാക്കുന്നതിനാൽ ഇവ യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്. നിലവിലുള്ള വെല്ലുവിളി നിറഞ്ഞ പ്രവർത്തനാന്തരീക്ഷം മൂലമാണ് ഞായറാഴ്ച എൺപതോളം വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നതെന്ന് ഈസിജെറ്റ് അറിയിച്ചു. തങ്ങളുടെ തീരുമാനം മൂലം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യങ്ങൾക്കു ക്ഷമ ചോദിക്കുന്നതായും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് സാധ്യമായ എല്ലാം സഹായവും എയർലൈൻ നൽകുമെന്നും അറിയിച്ചു. തങ്ങളുടെ ഉപഭോക്തൃ സേവന സമയം രാവിലെ 7 മുതൽ വൈകുന്നേരം 11:00 വരെ നീട്ടിയതായും ഹോട്ടൽ താമസസൗകര്യം കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതായും അധികൃതർ പറഞ്ഞു. ചരക്ക്, മീറ്റ് സംസ്കരണ വ്യവസായങ്ങളിൽ ചെയ്തതുപോലെ ഹ്രസ്വകാലത്തേക്കെങ്കിലും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്നും പ്രത്യേക ഇമിഗ്രേഷൻ നൽകണമെന്നും വിമാനക്കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply