ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പുറത്തു കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെബ്രുവരിയിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 0.1% ഉയർന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് ജിഡിപി വളർച്ചയുടെ കണക്കുകൾ പുറത്തുവിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിർമ്മാണ മേഖലയിൽ പ്രത്യേകിച്ച് കാർ ഉത്പാദനത്തിൽ വ്യാപകമായ വളർച്ചയുണ്ടായതായി ഒഎൻഎസ് ഡയറക്ടർ ലിസ് മക് ക്വൽ പറഞ്ഞു. ഭരണപക്ഷത്തെ സംബന്ധിച്ചിടത്തോളം പുറത്തുവന്നിരിക്കുന്ന കണക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. സമ്പദ് വ്യവസ്ഥയിൽ പുരോഗതി ഉണ്ടാകുന്നത് ശക്തമായ ഭരണ വിരുദ്ധ വികാരം നേരിടുന്ന ഋഷി സുനകിന് ആശ്വാസമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അഭിപ്രായ വോട്ടെടുപ്പുകളിൽ ലേബർ പാർട്ടി കൺസർവേറ്റീവ് പാർട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മുന്നിലാണ്.

എന്നാൽ മോശം കാലാവസ്ഥയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഈർപ്പമുള്ള കാലാവസ്ഥ പല നിർമ്മാണ പദ്ധതികൾക്കും തടസ്സമായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കനത്ത മഴ മൂലം ഉത്പാദനം ഫെബ്രുവരിയിൽ 1.9% കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. ഇതിനു പുറമേയാണ് മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള വിതരണ ശൃംഖലയിലുണ്ടാക്കിയ പ്രശ്നങ്ങൾ മൂലം ചരക്ക് നീക്കങ്ങളിൽ വൻ പ്രതിസന്ധിയാണ് ഉടലെടുത്തത്. 14 വർഷത്തെ ഭരണം കൊണ്ട് ബ്രിട്ടന്റെ സാമ്പത്തിക വളർച്ച കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ഷാഡോ ചാൻസിലർ റേച്ചൽ റിവ്സ് കുറ്റപ്പെടുത്തി. കുറഞ്ഞ വളർച്ചയും ഉയർന്ന നികുതിയും കൊണ്ട് ബ്രിട്ടന്റെ അവസ്ഥ ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.