ദേവനന്ദയ്ക്കും ജുമാനയ്ക്കും മാത്രമല്ല കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കെല്ലാം ഇത്തവണ ഓണാഘോഷം കളറാക്കാം. ആഘോഷദിനങ്ങളിൽ കളർവസ്ത്രമിടാൻ അനുമതി തേടിയുള്ള ഇവരുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.
തിങ്കളാഴ്ച കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി വി.ശിവൻകുട്ടി. ചടങ്ങ് കഴിഞ്ഞ് വേദിക്ക് പുറത്തിറങ്ങിയപ്പോൾ രണ്ട് പ്ലസ്വൺ വിദ്യാർഥിനികൾ മടിച്ചുമടിച്ച് മന്ത്രിക്കരികിലെത്തി, അവരുടെ കുഞ്ഞ് ആവശ്യവുമായി. തിരക്കിനിടയിലും അവരെ വാത്സല്യത്തോടെ ചേർത്തുനിർത്തി പരാതി കേൾക്കാൻ മന്ത്രി സമയം കണ്ടെത്തി.
ഓണാഘോഷത്തിന് യൂണിഫോമിനുപകരം കളർ വസ്ത്രമിടാൻ അനുമതി തരണമെന്ന ആവശ്യവുമായി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ കെ.ദേവനന്ദയും സി.കെ.ജുമാനയുമായിരുന്നു മന്ത്രിയുെട അരികിലെത്തിയത്. മറ്റു ചില ചില അധ്യാപകരുടെ പരാതിപരിഹാരത്തിനായി മന്ത്രിക്കും സംഘത്തിനും പെട്ടെന്ന് ഡിഡിഇ ഓഫീസിലേക്ക് പോകേണ്ടിവന്നതിനാൽ പരിഗണിക്കാമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
ചൊവ്വാഴ്ച തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതസംഘം രൂപവത്കരണയോഗത്തിലാണ് സ്കൂളിലെ ആഘോഷദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന പ്രഖ്യാപനം വന്നത്. കുഞ്ഞുങ്ങൾ വർണപ്പൂമ്പാറ്റകളായി പറന്നുരസിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
Leave a Reply