കോഴിക്കോട്: പുണെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച നിപ രോഗലക്ഷണമുള്ള എട്ടുപേരുടെ സാംപിളുകള്‍ നെഗറ്റീവ്. എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ളവരാണ് ഈ എട്ടുപേര്‍. വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു.

കൂടുതല്‍ സാംപിളുകള്‍ ഇന്ന് തന്നെ പരിശോധിക്കാന്‍ സാധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍ഐഡി പുണെയുടേയും മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ലാബില്‍ അഞ്ച് സാംപിളുകള്‍ പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം ലഭിക്കാന്‍ കുറച്ചുകൂടി സമയമെടുക്കും. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കല്‍ കോളേജിലുള്ളത്. ഇതില്‍ 8 പേരുടെ സാംപിളുകള്‍ പരിശോധിച്ചു. അഞ്ച് പേരുടെ പരിശോധിക്കുന്നുണ്ട്. കുറച്ചു പേരുടെ സാംപിളുകള്‍ ഇതിന് മുമ്പ് പുണെയിലേക്ക് അയച്ചിരുന്നു. മുഴുവന്‍ പേരുടേയും സാംപിളുകള്‍ പരിശോധിക്കാന്‍ സധിക്കുമെന്നും മന്ത്രി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോഴിക്കോട്, ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയില്‍ വാഹിദയുടെയും ഏകമകന്‍ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍ ഉള്‍പ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഉയര്‍ന്ന സാധ്യതയുള്ള 54 പേരാണുള്ളത്.

മൃഗസംരക്ഷണവകുപ്പ് സംഘം പ്രദേശത്തുനിന്ന് റമ്പൂട്ടാന്‍ പഴങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലുള്ള ആടിന്റെ ശ്രവങ്ങളും ശേഖരിച്ചു. വിദഗ്ധപരിശോധയ്ക്ക് ഭോപാലില്‍നിന്നുള്ള എന്‍.ഐ.വി. സംഘം ബുധനാഴ്ച എത്തും. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്ററിലുള്ള വാര്‍ഡുകളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.