ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റ് :- നോർത്തേൺ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി. ലിയാം ഒ കീഫ് എന്ന ആൺകുഞ്ഞാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ മരണപ്പെട്ടത്. കുട്ടിയുടെ മൂത്ത സഹോദരിയും സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവർക്കും കുത്തേറ്റത്. കൊലയാളി എന്ന് സംശയിക്കുന്ന 29 കാരിയായ യുവതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡ് ഡിറ്റക്ട്റ്റീവ് ചീഫ് ഇൻസ്പെക്ടർ ക്രിസ് മില്ലെർ അറിയിച്ചു. കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന മൂത്ത കുട്ടിയുടെ നില ആശ്വാസ ജനകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.


സംഭവം നടക്കുമ്പോൾ കുട്ടിയുടെ പിതാവ് ഇംഗ്ലണ്ടിൽ ആയിരുന്നു. ലിയാമിന്റെ മരണത്തിൽ ബന്ധുക്കൾ എല്ലാവരും തന്നെ അതീവ വേദനയിലാണ്. മരണപ്പെട്ട കുട്ടിയുടെ പോസ്റ്റ് മോർട്ടം വ്യാഴാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മാമോദിസ നടത്തുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ദാരുണമായ ഈ സംഭവം നടന്നത്. അന്വേഷണങ്ങൾ ശക്തമായ രീതിയിൽ തന്നെ പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.


കുഞ്ഞിന്റെ മരണം അതീവ വേദന തരുന്നതാണെന്നും, ഇത്തരത്തിൽ ഒരു സംഭവം അപ്രതീക്ഷിതമാണെന്നും ആരോഡൈൻ മുൻ പാരിഷ് വികാരി ഫാദർ ഗാരി ഡോണഗൻ വ്യക്തമാക്കി. മരണപ്പെട്ട കുഞ്ഞിന്റെ വീട്ടുകാരോടുള്ള എല്ലാ ദുഃഖവും അറിയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടന്ന സംഭവം വിവരിക്കാനാവുന്നതല്ലെന്ന് സ്ഥലം എംപി ജോൺ ഫിനുകൈനും വ്യക്തമാക്കി.