ബിനോയി ജോസഫ്
ആ അമ്മ ഫേസ്ബുക്കിൽ കുറിച്ചു… എൻറെ കുഞ്ഞിന് ഒരു ഹൃദയം ആവശ്യമുണ്ട്… മറ്റൊരു കുരുന്നു ജീവൻ നഷ്ടപ്പെടുമ്പോൾ ആണ് എൻറെ ജീവൻറെ ജീവനായ മാലാഖയ്ക്ക് വേണ്ടിയുള്ള എൻറെ കാത്തിരിപ്പ് സഫലമാകുക എന്നോർക്കുമ്പോൾ ഹൃദയം തകരുന്നു… ലഭിക്കുന്നത് അമൂല്യമായ ദാനമാണ്… വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത വിധം സന്തോഷം തരുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു… എൻറെ ഈ കാത്തിരിപ്പിൻറെ സന്ദേശം ലോകം മുഴുവനും എത്തട്ടെ… ചാർലി ഞങ്ങൾക്ക് അത്രമാത്രം വിലപ്പെട്ടതാണ്. ഞങ്ങളുടെ ചാർലി തീർച്ചയായും ഒരു ജീവിതം അർഹിക്കുന്നു… എൻറെ സന്ദേശം കാണുന്നവർ തീർച്ചയായും എന്നെ സഹായിക്കുമെന്ന ശുഭ പ്രതീക്ഷ എനിയ്ക്കുണ്ട്…
ആ അമ്മയുടെ കാത്തിരിപ്പ് സഫലമായി. എട്ട് ആഴ്ച മാത്രം പ്രായമുള്ള ചാർലിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചു. യുകെയിൽ അവയവത്തിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റിൽ ഉള്ള ഏറ്റവും പ്രായം കുറഞ്ഞ ചാർലി എന്ന കുരുന്നിന് ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി ഡോക്ടർമാർ നടത്തി. പകുതി മാത്രമുള്ള ഹൃദയവുമായാണ് ചാർലി എന്ന ആൺകുട്ടി ജനിച്ചത്. ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം എന്ന അവസ്ഥയിൽ ജനിച്ച ചാർലി ഡുത്ത് വൈറ്റ് ന്യൂകാസിലിലെ ഫ്രീമാൻ ഹോസ്പിറ്റലിൽ ഒൻപതു മണിക്കൂർ നീണ്ട ട്രാൻസ് പ്ലാൻറ് സർജറിയ്ക്ക് വിധേയനായി. തൻറെ ചാർലിക്ക് രണ്ടാമതൊരു ജന്മം നല്കിയതിന് അമ്മ ട്രേസി റൈറ്റ് ഹൃദയം ദാനം ചെയ്ത കുടുംബത്തിന് നന്ദിയുടെ നറുമലരുകൾ അർപ്പിച്ചു. “ഞാൻ അവരോട് എന്നും കൃതജ്ഞതയുള്ളവൾ ആയിരിക്കും”. ട്രേസി പറയുന്നു.
നവംബർ ആദ്യമാണ് ചാർലിയക്ക് ഹൃദയം ആവശ്യമുണ്ടെന്ന് ഉള്ള അപ്പീൽ പുറപ്പെടുവിച്ചത്. തങ്ങളുടെ ഹൃദയം തകരുന്ന വേദനയിലും മറ്റൊരു കുഞ്ഞിനെ ഭാവിക്കായി ഹൃദയം ദാനം നല്കിയ കുടുംബത്തിൻറെ ഉദാത്തമായ മാതൃകയ്ക്കു മുമ്പിൽ നന്ദിയോടെ തല കുനിക്കുകയാണ് ട്രേസി റൈറ്റ് എന്ന അമ്മ. ആറ് പൗണ്ട് 5 ഔൺസ് തൂക്കവുമായി ജനിച്ച ചാർലി ജനിച്ചതിൻറെ മൂന്നാം ദിനം തന്നെ ന്യൂകാസിൽ റോയൽ വിക്ടോറിയ ഇൻഫെർമറിയിൽ ഓപ്പൺ ഹാർട്ട് സർജറിയ്ക്ക് വിധേയനായിരുന്നു. പുതുവൽസരത്തിൽ ഹോസ്പിറ്റൽ വിടാൻ ഒരുങ്ങുകയാണ് മിടുക്കനായ ചാർലി.
Leave a Reply