പാലസ്തീൻ വിഷയത്തെ ചൊല്ലി ലേബർ പാർട്ടി കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. പാർട്ടി നേതാവായ സർ കെയർ സ്റ്റാർമർ സ്വീകരിച്ചിരിക്കുന്ന ഇസ്രയേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ബേൺലി കൗൺസിൽ ലീഡറും മറ്റ് 10 കൗൺസിൽ മെമ്പർമാരും പാർട്ടിയിൽ നിന്ന് രാജിവച്ചു. ഗാസയിൽ വെടിനിർത്തലിന് ശ്രമിക്കേണ്ടതില്ലന്ന ലേബർ പാർട്ടി നിലപാടാണ് തീരുമാനത്തിന് പിന്നിലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

ലേബർ പാർട്ടി വിടുന്നത് വളരെ വേദനാജനകരമായ തീരുമാനമായിരുന്നു എന്ന് 10 വർഷമായി പാർട്ടിയുടെ സജീവ അംഗമായ അഫ്രാസിയാൻ അൻവർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം കെയർ സ്റ്റാർമർ പാർട്ടി നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉൾപ്പെട്ടിരുന്നു. പാർട്ടി അണികളുടെ വികാരത്തെ ശരിയായ രീതിയിൽ മാനിക്കാൻ കെയർ സ്റ്റാർമർ തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹത്തിൻറെ വിമർശകർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ലേബർ പാർട്ടിയിലെ രൂക്ഷമായ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കുന്നതിന് കെയർ സ്റ്റാർമറിന്റെ മേൽ ശക്തമായ സമ്മർദ്ദമുണ്ട്. എന്നാൽ വ്യക്തിഗത പ്രശ്നങ്ങളിലല്ല ഗാസയിലെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിലാണ് തൻറെ ശ്രദ്ധയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ ഇസ്രയേലിന്റെ ഗാസ ഉപരോധത്തെ പിന്തുണയ്ക്കുന്ന ഋഷി സുനക് സർക്കാരിന്റെ നയം തന്നെയാണ് ലേബർ പാർട്ടിയും പിന്തുടരുന്നത്. ഇസ്രയേൽ അനുകൂല പാർട്ടി നിലപാടിന്റെ പേരിൽ ഇതുവരെ ലേബർ പാർട്ടിയിൽനിന്ന് 50 കൗൺസിൽമാരെങ്കിലും രാജി വച്ചതായാണ് റിപ്പോർട്ടുകൾ .