ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെയിലെ ജി സി എസ് ഇ പരീക്ഷാ ഫലം പുറത്തുവന്നതോടെ മലയാളി വിജയങ്ങളുടെ കഥകളാണ് വാർത്തകളിലെങ്ങും. വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേർസ് ഫീൽഡിൽ താമസിക്കുന്ന എൽദോ വിനോദിന്റെ ജി സി എസ് ഇ പരീക്ഷാഫലം മലയാളി വിജയങ്ങളുടെ മാറ്റ് കൂട്ടുന്നതാണ്. മൊത്തത്തിലുള്ള 11 വിഷയങ്ങളിൽ 10 വിഷയങ്ങളിൽ 9 സ്കോർ ചെയ്ത എൽദോ പതിനൊന്നാമത്തെ വിഷയത്തിന് 8 സ്കോർ ചെയ്താണ് മലയാളികൾക്ക് അഭിമാനമായത്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഒരു പോലെ ശോഭിക്കുന്ന എൽദോ ഹെക്ക് മൗണ്ട് വൈക്ക് ഗ്രാമർ സ്കൂളിൽ ആണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബാഡ്മിൻറൺ ഇഷ്ട കായിക ഇനമായ എൽദോ ബാസ്ക്കറ്റ് ബോൾ ,ഫുട്ബോൾ ടീമുകളിലെല്ലാം സജീവമാണ്. മാത്തമാറ്റിക്സ് ഇഷ്ടവിഷയമായ എൽദോയ്ക്ക് ഇംഗ്ലീഷ് സാഹിത്യത്തോടും ഒരു പ്രത്യേക പ്രണയമുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും താല്പര്യമുള്ള എൽദോ വെസ്റ്റ് യോർക്ക് ഷെയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ യോർക്ക് ഷെയർ മലയാളി ക്ലബ്ബിൻറെ ( YMC ) പ്രവർത്തനങ്ങളിൽ സജീവമാണ്.
യോർക്ക് ഷെയർ മലയാളി ക്ലബ്ബിൻറെ മലയാളം അധ്യായന ക്ലാസ്സുകളിൽ താൽപര്യത്തോടെ പങ്കെടുത്തിരുന്ന എൽദോ വർഷാന്ത്യ പരീക്ഷയിൽ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഭാവിയിൽ ഇക്കോണോമിസ്റ്റ് ആയി, സമൂഹത്തിനുവേണ്ടി സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന എൽദോ എക്കണോമിക്സ് ,ഡബിൾ മാത് സ് , ഫിസിക്സ് തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത് . തൻറെ മാതാപിതാക്കളും കുടുംബവും തരുന്ന പിന്തുണയാണ് ഉന്നത വിജയത്തിന് പ്രചോദനം ആയതെന്ന് എൽദോ മലയാളം യുകെയോട് പറഞ്ഞു.
കോട്ടയം പാറമ്പുഴ കഞ്ഞിക്കുഴി മാലിയിൽ വിനോദ് ചെറിയാന്റെയും മഞ്ജുളയുടെയും രണ്ടാമത്തെ മകനാണ് എൽദോ. മൂത്ത സഹോദരി അനഘ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ ഫിനാൻസ് ആൻഡ് ലോയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. ഇളയസഹോദരൻ ഏലിയാസ് ഹഡേർസ് ഫീൽഡ് ഓൾ സെയ്ന്റ്സ് കാതോലിക് സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയാണ്. ജിസിഎസ് ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എൽദോയ്ക്ക് മലയാളം യുകെയുടെ ആശംസകൾ അറിയിക്കുന്നു.
Leave a Reply