യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും കേരളത്തിനു സുപരിചതനുമായ ഷെയ്ഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമിയുടെ ഇളയ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കണ്ണീരിൽ കുതിർന്ന വിട. തിങ്കളാഴ്ച ലണ്ടനിൽ അന്തരിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കബറടക്കം അൽ ജുബൈലിൽ നടന്നു.
ആയിരക്കണക്കിന് ആളുകളാണ് ഷാർജയുടെയും മറ്റു എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയത്. രാജകുടുംബത്തിലെ അംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സാധാരണ ജനങ്ങൾ തുടങ്ങിയവർ കിങ് ഫൈസൽ പള്ളിയിൽ നടന്ന പ്രാർഥനയിൽ പങ്കെടുത്തു. അജ്മാൻ, ഉമ്മുൽഖൈയ്ൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളുടെ ഭരണാധികാരികൾ പ്രാർഥനയിൽ പങ്കെടുത്തു. അൽ ഖൈസിമ, അൽ സൂർ, അൽ മുസല്ല, റോള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവർ നടന്നാണ് പള്ളിയിലേയ്ക്ക് എത്തിയത്. മറ്റുള്ളവർ വാഹനങ്ങളിലും എത്തി.
രാജകുടുംബാംഗങ്ങളും സർക്കാർ ഉദ്യോഗസ്ഥരും എത്തുന്നതിനാൽ വൻ ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇവർ അൽ ബദിയ കൊട്ടാരത്തിൽ എത്തി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമിയെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. ദുഃഖം മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഷാർജയിൽ എങ്ങും. യുഎഇയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടക്കുന്നു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് എല്ലാവരും.
ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അർബൻ പ്ലാനിങ് കൗൺസിൽ ചെയർമാനായിരുന്നു. സാംസ്കാരിക മേഖലയിൽ ഉൾപ്പെടെ നിറഞ്ഞുനിന്ന വ്യക്തിത്വം. കൂടാതെ, ലണ്ടനിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ലണ്ടനിൽ ജീവിച്ചുവന്ന അദ്ദേഹം ഖാസിമി എന്ന ബ്രാൻഡിൽ ലണ്ടനിൽ ഏറെ പ്രശസ്തനുമായിരുന്നു.
സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തുതുടങ്ങിയ ഷെയ്ഖ് ഖാലിദ് പിന്നീട് ഖാസിമിയെന്ന ലേബലിൽ വസ്ത്രങ്ങൾ പുറത്തിറക്കി. ലണ്ടൻ, പാരീസ് ഫാഷൻ വീക്കുകളിൽ നിരവധി പുരസ്കാരങ്ങളും നേടി. 2016 മുതൽ രാജ്യാന്തര തലത്തിൽതന്നെ ഖാസിമി ബ്രാൻഡ് പ്രശസ്തമായിത്തുടങ്ങി. ലോകത്തിലെ പതിനഞ്ച് രാജ്യങ്ങളിലെ മുപ്പത് നഗരങ്ങളിലെ അമ്പത് പ്രശസ്ത സ്റ്റോറുകളിൽ ഇന്ന് ഖാസിമി വിലയേറിയ ബ്രാൻഡുകളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഴു ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.
Leave a Reply