രാജ്യാന്തര തലത്തിൽ വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികൾ മറികടന്ന് എമിറേറ്റ്സ് എയർലൈൻ കൂടുതൽ കരുത്തോടെ സജ്ജമാകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് നിയന്ത്രണ വിധേയമാകുന്നതോടെ രാജ്യാന്തര സർവീസുകൾ പഴയ നിലയിലാകം.

വിനോദസഞ്ചാര മേഖലകളടക്കം കൂടുതൽ സജീവമാകുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടി. അതേസമയം, എമിറേറ്റ്സ് എയർലൈന് മാർച്ച് 31 വരെയുള്ള സമ്പത്തിക വർഷം 2,000 കോടിയിലേറെ ദിർഹത്തിന്റെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. സർവീസുകൾ കുറച്ചതോടെ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.

കൊവിഡ് ആരംഭിച്ച കഴിഞ്ഞ വർഷം 456 മില്യൺ ഡോളറായിരുന്നു(1.7 ബില്യൺ ദിർഹം) എമിറേറ്റ്‌സിലെ ലാഭം. കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം 9.7 ബില്യൺ ഡോളറായി ചുരുങ്ങി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 66 ശതമാനം കുറവാണിത്. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ബിസിനസ്, യാത്രാ നിയന്ത്രണങ്ങളും മൂലം എമിറേറ്റ്‌സിന്റെ പ്രധാന ബിസിനസ് വിഭാഗങ്ങളിലും വിപണികളിലും ഡിമാൻഡ് തകർച്ച ഉണ്ടായതാണ് ലാഭം ഇടിയാനുള്ള പ്രധാന കാരണം.

മനുഷ്യ ജീവിതങ്ങളിലും സമൂഹത്തിലും സമ്പദ് വ്യവസ്ഥകളിലും വ്യോമയാന, യാത്ര വിപണികളിലും കൊവിഡ്-19 പകർച്ചവ്യാധി സംഹാര താണ്ഡവം തുടരുകയാണെന്ന് എമിറേറ്റ്‌സ് എയർലൈൻ, ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യുട്ടീവുമായ ഷേഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് അടുത്തമാസം ജൂലൈ 6 വരെ സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിരുന്നു.

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് മുടങ്ങിയത് ബജറ്റ് എയർലൈൻസുകളെയാണ് കാര്യമായി ബാധിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ സർവീസുകൾ മികച്ച നേട്ടം ഉറപ്പു വരുത്തിയിരുന്നതായി എയർ അറേബ്യ സി.ഇ.ഒ ആദിൽ അലി പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് പ്രതീക്ഷ നൽകുന്ന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം അമർച്ച ചെയ്യുകയും വ്യോമയാന മേഖല സാധാരണ നില വീണ്ടെടുക്കുകയും ചെയ്യുമെന്ന പ്രത്യാശയിലാണ് എയർ അറേബ്യ ഉൾപ്പെടെ യു.എ.ഇ ബജറ്റ് എയർലൈൻസുകൾ.