ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കുന്നതായി എമിറാത്തി വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളും നിർത്തി വച്ചിരിക്കുകയാണെന്ന് വിമാനക്കമ്പനിയുടെ യുഎഇ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.
ഇന്ത്യയിൽ നിന്നുള്ളവർക്ക് പുറമേ കഴിഞ്ഞ 14 ദിവസങ്ങൾക്കിടെ ഇന്ത്യയിൽ ചിലവഴിക്കുകയോ ഇന്ത്യയിലൂടെ സഞ്ചരിക്കുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും എമിറേറ്റ്സ് അറിയിച്ചു.
പുതുക്കിയ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച യുഎഇ പൗരൻമാർ, യുഎഇ ഗോൾഡൻ വിസ ഉടമകൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകുകയും യാത്രയ്ക്ക് അനുമതി നൽകുകയും ചെയ്തേക്കാം എന്നും വിമാനക്കമ്പനി വ്യക്തമാക്കി.
എമിറേറ്റ്സ് വിമാനങ്ങൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർക്കുള്ള നിർദേശങ്ങളും വിമാനക്കമ്പനി പുറപ്പെടുവിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ഭാവിയിലെ വിമാനയാത്രയ്ക്കായി സൂക്ഷിച്ച് വയ്ക്കാമെന്ന് കമ്പനി അറിയിച്ചു. ഒപ്പം മറ്റൊരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി.
ഭാവിയിലെ യാത്രക്കായി ടിക്കറ്റുകൾ സൂക്ഷിക്കുകയാണെങ്കിൽ തങ്ങളെ വിളിക്കേണ്ടതില്ലെന്നും വെബ്സൈറ്റിലെ “കീപ് യുവർ ടിക്കറ്റ്,” എന്ന ലിങ്കിൽ നിന്ന് എല്ലാ വിവരങ്ങളും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്ര ചെയ്യാൻ തയ്യാറാകുമ്പോൾ ബുക്കിംഗ് ഓഫീസുമായി ബന്ധപ്പെടാമെന്നും എമിറേറ്റ്സ് വ്യക്തമാക്കി.
വിമാനം റീ ബുക്ക് ചെയ്യുന്നതിനുമായി ട്രാവൽ ഏജന്റുമായോ ബുക്കിംഗ് ഓഫീസുമായോ ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ എമിറേറ്റ്സ് അറിയിച്ചു.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴ് മുതൽ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് ജൂൺ 28ന് പ്രഖ്യാപിച്ചിരുന്നു. യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ ബാധിക്കുന്നുണ്ട്.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ പത്തു ദിവസത്തേക്കാണ് ആദ്യം യുഎഇ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. പിന്നീടത് മേയ് 14 വരെ നീട്ടി. അത് തുടർന്നും നീട്ടി ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ മാസം 21 വരെ വിലക്ക് നീളുമെന്നാണ്.
Leave a Reply