ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാലെന്‍സ് സിറ്റിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ബാരിക്കേഡില്‍ നിന്നും ഒരാള്‍ മാക്രോണിന്റെ മുഖത്തടിക്കുകയായിരുന്നു.

അടിയേറ്റ ഉടനെ പ്രസിഡന്റ് പിറകിലേക്ക് മാറുകയും സുരക്ഷാജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തിന് രക്ഷാകവചം ഒരുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കൈപിടിച്ച് അഭിസംബോധന ചെയ്ത ശേഷം ഫ്രഞ്ച് ഭാഷയില്‍ എന്തോ പറഞ്ഞ് കൊണ്ടാണ് പ്രതി അടിക്കുന്നത്. ഇയാള്‍ അടിക്കുന്നതും അടിയേറ്റ് മാക്രോണ്‍ പിറകിലേക്ക് വീഴുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് നിരവധി പേരാണ് മാക്രോണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനാധിപത്യമെന്നാല്‍ ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളുമാണെന്നും ശാരീരികമായ ആക്രമണം അല്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് തുറന്നടിച്ചു. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ എത്ര തന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും ഒരു ജനാധിപത്യരാജ്യത്ത് അവ ഒരിക്കലും ദേഹോപദ്രവത്തില്‍ കലാശിക്കരുതെന്ന് പല രാഷ്ട്രീയനേതാക്കളും അഭിപ്രായപ്പെട്ടു.