ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ നമീബിയയെ നിലംപരിശാക്കി ഇംഗ്ലണ്ട് സൂപ്പർ എട്ടിലേക്കുള്ള വഴി കൂടുതല്‍ ദൃഢമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ ഇംഗ്ലണ്ട് തങ്ങളുടെ അവസാന മത്സരത്തില്‍ 41 റണ്‍സിന് നമീബിയയെ പരാജയപ്പെടുത്തി. ഓസ്ട്രേലിയ സ്കോട്ട്ലൻഡ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും ഇനി ഇംഗ്ലണ്ടിന്റെ ഭാവി..
ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിന് നമീബിയയ്ക്കെതിരെ തകർപ്പൻ ജയം സമ്മാനിച്ചത്. മഴ ദീർഘനേരം മത്സരത്തെ തടസ്സപ്പെടുത്തിയതോടെ പുറത്താകല്‍ ഭീഷണിയിലായിരുന്നു ഇംഗ്ലണ്ട്. ഒടുവില്‍ 11 ഓവറാക്കി വെട്ടിചുരുക്കിയ മത്സരം വീണ്ടും മഴയെത്തിയതോടെ 10 ഓവറാക്കി മാറ്റി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പത്തോവറില്‍ 122 റണ്‍സെടുത്തു. രണ്ടാമത് ബാറ്റ് ചെയ്യാനെത്തിയ നമീബിയയ്ക്ക് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 126 റണ്‍സായിരുന്നു വിജയലക്ഷ്യം. പത്ത് ഓവറില്‍ 84 റണ്‍സെടുക്കാനെ നമീബിയയ്ക്ക് ആയുള്ളൂ.
നേരത്തെ ടോസ് നേടിയ നമീബിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ പതറിയ ഇംഗ്ലണ്ടിനെ ജോണി ബെയർസ്റ്റോയും ഹാരി ബ്രൂക്കുമാണ് കരകയറ്റിയത്. ഹാരി ബ്രൂക്ക് 20 പന്തില്‍നിന്ന് 47 റണ്‍സടിച്ചപ്പോള്‍ ബെയർസ്റ്റോ 18 പന്തില്‍ നിന്ന് 31 എടുത്തു.
രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലീഷ് സ്കോർ രണ്ടില്‍നില്‍ക്കെ ബട്ട്ലറെ (0)നഷ്ടപ്പെട്ടു. മൂന്നാം ഓവറില്‍ ഫില്‍ സാല്‍ട്ടും (11) മടങ്ങി. പിന്നീടാണ് ബെയർസ്റ്റോയും ഹാരി ബ്രൂക്കും താണ്ഡവമാടിയത്. ബെയർസ്റ്റോ മടങ്ങിയതിന് പിന്നാലെ എത്തിയ മൊയീൻ അലിയും ലിയാം ലിവിങ്സ്റ്റോണും മോശമാക്കിയില്ല.
മൊയീൻ അലി ആറ് പന്തില്‍ നിന്ന് 16 അടിച്ചു. നാല് പന്തില്‍ നിന്ന് 13 റണ്‍സായിരുന്നു ലിയാമിന്റെ സംഭാവന. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 122 അടിച്ചത്.
Leave a Reply