ചങ്ങനാശേരി ∙ റിട്ടയേഡ് കോളജ് അധ്യാപികയായ വീട്ടമ്മയെ കബളിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ എറണാകുളം സ്വദേശി പിടിയിൽ. പാമ്പാടി ആശാരിപ്പറമ്പിൽ പൊന്നൻ സിറ്റിയിൽ വാടകയ്ക്കു താമസിക്കുന്ന നോർബിൻ നോബിയെ(40) ആലപ്പുഴയിൽ നിന്നാണു ചങ്ങനാശേരി പൊലീസ് പിടികൂടിയത്.

പ്രാർഥനാ ചടങ്ങുകൾക്കി‍ടെ പരിചയപ്പെട്ട കുരിശുംമൂട് സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. വീട്ടിലെ പ്രശ്നങ്ങൾ പ്രാർഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ചാണു നോർബിൻ പണം തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു.

പ്രാർഥനയ്ക്കു വരുന്നതിന് 13000 രൂപയും പത്തിലധികം ആളുകൾ പ്രാർഥനയ്ക്കെത്താൻ 30,000 രൂപയുമാണ് പ്രതി വീട്ടമ്മയുടെ കയ്യി‍ൽ നിന്നു വാങ്ങിയിരുന്നത്. വായ്പയായും ഇയാ‍ൾ ഭീമമായ തുക വാങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2 വർഷമായിട്ടും പ്രശ്നങ്ങൾക്കു പരിഹാരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞു.

ഇതോടെയാണു പൊലീസിനെ സമീപിച്ചത്. നടപടി വൈകിയതോടെ കോടതിയെ സമീപിച്ചു. കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നോർബിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കളർകോടുള്ള ലോഡ്ജിൽ നിന്ന് ഇയാളെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം, എഎസ്ഐമാരായ രമേശ് ബാബു, ഷിജു കെ.സൈമൺ, ആന്റണി മൈക്കിൾ, സിപിഒമാരായ ബിജു, തോമസ് സ്റ്റാൻലി എന്നിവരാണ് അന്വേഷണം നടത്തിയത്.