ടോമി തോമസ്

ശാസ്ത്രബോധവും മാനവികതയും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി, കേരളത്തില്‍ രൂപംകൊണ്ട എസ്സെന്‍സ് ക്ലബ് അതിന്റെ പ്രൗഢ ഗംഭിര പ്രവര്‍ത്തനങ്ങളാല്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആഗോളതലത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഈ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ യുകെയിലെ പ്രബുദ്ധരായ ആള്‍ക്കാരുടെ ആഗ്രഹപ്രകാരം 2017 ഒക്ടോബകര്‍ 30ിന് ഇവിടെയും എസ്സെന്‍സ് രൂപംകൊണ്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലോകത്തിനുതന്നെ മാതൃകയായി നമ്മുടെ കൊച്ചുകേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും ആ അറിവ് പ്രയോഗിക ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല.

വിദ്യാഭ്യാസത്തിലൂടെ ജനങ്ങള്‍ക്ക് കിട്ടിയ അറിവ് പ്രാവര്‍ത്തികമാക്കുവാന്‍ സഹായിക്കുന്നതിനുപകരം മസ്തിഷ്‌കപ്രഷാളനത്തിലൂടെ ജനങ്ങളില്‍ ഇടുങ്ങിയ ചിന്താഗതിയും അനൈക്യവും അരാജകത്വും അന്ധവിശ്വാസവും വളര്‍ത്തുവാനാണ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളില്‍ മുഴുകിയവരും ദന്തഗോപുരങ്ങളില്‍ വിരാജിക്കുന്നവരുമായ മതരാഷ്ട്രീയനേതാക്കളുടെ മല്‍സരം. ജനങ്ങളെ പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പടവുകള്‍ ചവിട്ടിക്കയറുവാന്‍ പ്രേരിപ്പിക്കുന്നതിനു പകരം അറിവില്ലായ്മയുടെയും പാരതന്ത്ര്യത്തിന്റെയും അന്ധകാര ലോകത്തിലേക്ക് തള്ളിവിടുവാനാണ് സുഖലോലുപതയില്‍ മുങ്ങിക്കുളിക്കുന്ന മതരാഷ്ട്രീയക്കോമരങ്ങള്‍ക്കു താല്പര്യം.

നാം ജീവിക്കുന്ന ഈ നൂറ്റാണ്ടില്‍ കാണുന്ന സര്‍വ ഐശ്വര്യങ്ങള്‍ക്കും കാരണമായ ശാസ്ത്രത്തിന്റെ അറിവുകളെ തള്ളിപ്പറഞ്ഞുകൊണ്ട് നമ്മളെ വീണ്ടും ഇരുണ്ടകാലഘട്ടത്തിലെ അടിമത്തസ്ഥിതിയിലേക്കു വലിച്ചിഴച്ചെങ്കില്‍ മാത്രമേ മതരാഷ്ട്രീയ നേതാക്കള്‍ക്ക് നിലനില്‍പ്പുള്ളൂ. അയ്യായിരവും രണ്ടായിരവും വര്‍ഷങ്ങളിലെ പാരമ്പര്യം അവകാശപ്പെടുന്ന മതങ്ങള്‍ക്കോ നൂറുകണക്കിന് വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടുന്ന രാഷ്ട്രീയ തത്വചിന്താ പ്രസ്ഥാനങ്ങള്‍ക്കോ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുന്നില്ല.

നിരന്തരം ഭീതി ജനിപ്പിക്കുന്ന ചിന്തകള്‍ അവിരാമം മലയാളികളുടെ തലച്ചോറിലേക്ക് കടത്തിവിട്ട് അവരെ നിഷ്‌ക്രിയരാകുന്ന മതനേതാക്കള്‍ ജനങ്ങളെ ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും അറിവുകളെ പുച്ഛിച്ചുതള്ളുവാന്‍ പ്രേരിപ്പിക്കുമ്പോള്‍ തന്നെ സ്വന്തം ചികിത്സക്കുവേണ്ടി ഏറ്റവുംമുന്തിയ ആതുരസേവനത്തിനായി ലക്ഷങ്ങള്‍ ചിലവഴിച്ചു പരക്കംപായുന്നു. മനുഷ്യന്റെ സര്‍ഗാത്മകതയും അന്വേഷണത്വരയും യുക്തിചിന്തയും നശിപ്പിക്കുന്ന മതഭ്രാന്തിനെ തൂത്തെറിയുവാന്‍ യൂറോപ് ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങള്‍ ശ്രമിക്കുന്നത് നമ്മുടെ കണ്‍മുമ്പിലുണ്ട്.

സമത്വസുന്ദര ഭാവി വാഗ്ദാനം ചെയുന്ന സാങ്കല്പിക രാഷ്ട്രീയ തത്വചിന്തകളുടെ തകര്‍ന്നടിയിലും സംഭവിച്ചത് നമ്മുടെ കാലഘട്ടത്തില്‍ത്തന്നെയാണ്. ഈ അവസരത്തിലാണ് മാറ്റങ്ങള്‍ക്കുവേണ്ടി ദാഹിക്കുന്ന യുവാക്കള്‍ക്കു ആശയും പ്രതീക്ഷയും ആയി എസ്സെന്‍സ് ക്ലബ്ബ് മുന്നോട്ടുവരുന്നത്. മധ്യകാലഘട്ടത്തെ ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടമെന്നു വിശേഷിപ്പിക്കുന്നത്, മത രാഷ്ട്രീയ നേതാക്കളുടെ നിയന്ത്രണത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും അരാജകത്തത്തിന്റെയും ഫലമായി മനുഷ്യരാശിയെ വെറും വിഡ്ഢികളാക്കി സര്‍ഗാത്മകതയും ശാസ്ത്രചിന്തയും അടിച്ചമര്‍ത്തിയതിന്റെ ഫലമായിരുന്നു.

അതില്‍ നിന്നുള്ള ഒരു മോചനമായിരുന്നു പിന്നീട് നവോത്ഥാനത്തിലൂടെ നമ്മള്‍ യൂറോപ്പില്‍ കണ്ടത്. ആ അന്ധകാരത്തില്‍നിന്നും ശാസ്ത്രത്തിന്റെ വെളിച്ചത്തിലൂടെ മുന്നേറിയതിന്റെ ഫലമാണ് നാം കാണുന്ന ഈ ലോകം. എന്നാല്‍ വീണ്ടും നമ്മളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിമകളാക്കുവാന്‍ ചിലരുടെ ഭാഗത്തുനിന്നും ശ്രമിക്കുന്നതിനെ തടയാനാണ് Renaissance 2018 ലൂടെ എസ്സെന്‍സ് യുകെ ശ്രമിക്കുന്നത്.

ജീവിതത്തിലെ ഏതു പ്രശ്‌നങ്ങളെയും അവസ്ഥകളെയും ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ നോക്കികാണുവാനും പ്രതിസന്ധിഘട്ടങ്ങളെ ശാസ്ത്രത്തിന്റെ മാര്‍ഗത്തിലൂടെ അപഗ്രഥിച്ചു മനസ്സിലാക്കുവാനുള്ള ശരിയായ ശ്രമമാണ് എസ്സെന്‍സിലൂടെ സാധിക്കുന്നത്. അനീതിക്കും അനൈക്യത്തിനും പാരതന്ത്ര്യത്തിനും വിരാമമിട്ടുകൊണ്ട് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സുന്ദരഭൂവിലേക്ക് ചവിട്ടിക്കയറണമെങ്കില്‍ തങ്ങള്‍ക്കുകിട്ടിയ ശാസ്ത്രാവബോധം ജനങ്ങളില്‍ പ്രചരിപ്പിച്ചെങ്കില്‍ മാത്രമേ സാധിക്കുകയുള്ളു എന്ന് മനസിലാക്കിയ ചെറുപ്പക്കാരുടെ ശ്രമം ഇന്ന് ആഗോളതലത്തില്‍ ഒരു മാറ്റത്തിനു വഴിമരുന്നിടുകയാണ്.

ചരിത്രം എടുത്തു പരിശോധിച്ചാല്‍ ഏതു മാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും പിന്നില്‍ അറിവില്‍ സമ്പുഷ്ടരായ, ചുറുചുറുക്കുള്ള യുവാക്കളുടെ ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനത്തിന്റെ ഒരു നീണ്ട നിര തന്നെകാണാം. ഉറങ്ങിയെണീക്കുന്നതുപോലെ ഒരു മാറ്റം പ്രതിഷിക്കുന്നില്ലെങ്കിലും പടിപടിയായുള്ള പ്രവര്‍ത്തനങ്ങളിലൂടെയും നവമാദ്ധ്യമങ്ങളുടെ സഹായത്താലും എസ്സെന്‍സ് ക്ലബ് അതിന്റെ സാന്നിദ്ധ്യം ഏവരുടെ മനസ്സിലും വരുത്തികൊണ്ടിരിക്കുന്നു.

കച്ചവടതാല്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മതരാഷ്ട്രീയനേതാക്കളുടെ കുഴലൂത്തുകാരായ പരമ്പരാഗത വാര്‍ത്താമാധ്യമങ്ങള്‍ എസ്സെന്‍സിന്റെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യങ്ങളിലൂടെ ഒരു മാറ്റത്തിനായി ദാഹിക്കുന്ന കുറെയേറെ യുവാക്കളെ എസ്സെന്‍സിനു നേടുവാന്‍ സാധിച്ചിരിക്കുന്നു. കേരളത്തിലെ മതരാഷ്ട്രീയനേതാക്കളുടെ ആഞ്ജാനുവര്‍ത്തികളും അടിമകളുമാകാതെ അവര്‍ പടുത്തുയര്‍ത്തുന്ന കോട്ടകൊത്തളങ്ങളും ചങ്ങലകളും പൊട്ടിച്ചെറിയാനും മാനവികതയുടെയും, സമത്വത്തിന്റെയും പുരോഗതിയുടെയും ചിന്തകള്‍ വിതറികൊണ്ട് മനുഷ്യരാശി നേരിടുന്ന പ്രതിസന്ധികളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ടു അവയൊക്കെ വിശകലനം ചെയ്തു തരണം ചെയ്യുവാന്‍ എസ്സെന്‍സ് ക്ലബ്ബിനോട് ജാതി മത വര്‍ഗ്ഗ ലിംഗ വ്യത്യസമില്ലാതെ കൈകോര്‍ക്കുക.

ജനസേവനമെന്ന വ്യാജേന പണസമ്പാദനത്തിനും വോട്ടുബാങ്കിനുംവേണ്ടി മതരാഷ്ട്രീയനേതാക്കള്‍ യുകെയിലുടെനീളം കഴുകന്മാരെപോലെ മലയാളികളെത്തേടി വട്ടമിട്ടു പറക്കുമ്പോള്‍ ശാസ്ത്രബോധനം എന്ന ഒറ്റലക്ഷ്യത്തോടെയാണ് ഏഴിലധികം വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയതും കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല ശാസ്ത്രപ്രചാരകനുള്ള കേരളസംസ്ഥാന അവാര്‍ഡ് നേടിയ, പ്രശസ്ത വാഗ്മിയും സംവാദകനുമായ ശ്രീ. ഇ. രവിചന്ദ്രന്‍ യുകെയില്‍ വരുന്നത്.

വ്യാജചികിത്സാവിദഗ്ദ്ധരും ആള്‍ദൈവങ്ങളും പ്രചരിപ്പിക്കുന്ന അബദ്ധധാരണകളും വിശ്വാസങ്ങളും പൊളിച്ചടുക്കി, കയ്പേറിയ നഗ്‌നസത്യങ്ങളും അപ്രിയസത്യങ്ങളും മുഖംനോക്കാതെ വീറോടെ സമൂഹമധ്യത്തില്‍ അവതരിപ്പിക്കുന്ന കേരളത്തിലെ അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായ രവി സാറിന്റെ പ്രബോധനങ്ങള്‍ നേരിട്ടുകേള്‍ക്കുവാനും ആശയസംവാദനത്തിനുമുള്ള സുവര്‍ണ്ണാവസരത്തിലേക്ക് ഏവര്‍ക്കും ഹാര്‍ദവമായ സ്വാഗതം. യുകെയിലെ വിവിധ നഗരങ്ങളിലും അയര്‍ലണ്ടിലും നടത്തപ്പെടുന്ന ശ്രീ. രവിചന്ദ്രന്റെ പ്രധാനപ്പെട്ട പരിപാടികള്‍ താഴെപ്പറയുന്നവയാണ്.

1. ഹ്യൂമനിസം അണ്‍പ്ലഗ്ഗ്ഡ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെയ് 14 ന് 4 pm – 9 pm
വൈന്‍ കോണ്‍ഫറന്‍സ് സെന്റര്‍, 131 , ഗര്‍വോക് ഹില്‍,
ഡാണ്‍ഫേം ലൈന്‍. എഡിന്‍ബര്‍ഗ്. KY11 4JU. ഫോണ്‍ – 07443892438, 07727406149

2. സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനം

മെയ് 16 ന് 6 pm – 9 pm. നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച് ഹാള്‍, 12 സട്ടന്‍ റോഡ്, ഓക്‌സ്‌ഫോര്‍ഡ്. OX3 9RB. ഫോണ്‍- 07874002934, 07415500102

3. സോറി അലന്‍

മെയ് 19 ന് 2 pm – 9 pm. ബ്രിട്ടാനിയ കണ്‍ട്രി ഹോസ് ഹോട്ടല്‍,
പാലറ്റിന്‍ റോഡ്, ഡിഡ്‌സ്ബറി, മാഞ്ചസ്റ്റര്‍. M20 2WG. ഫോണ്‍- 07415500102, 07874002934

4. മുട്ടുമടക്കിയ നാസ

മെയ് 20 ന് 4 pm – 10 pm ഒയാസിസ് അക്കാദമി, 50 ഹോംഫീല്‍ഡ് റോഡ്, കോള്‍സ്ടന്‍. ക്രോയിഡന്‍. CR5 1ES., ഫോണ്‍- 07874002934, 07702873539

5. വാലസ് & വെയില്‍സ്

മെയ് 24 ന് 8 pm -11 pm. സെന്റ് ഫിലിപ് ഇവാന്‍സ് കമ്മ്യൂണിറ്റി ഹാള്‍, ലാണെണ്ടിയറാന്‍, കാര്‍ഡിഫ്. CF23 9UL ഫോണ്‍- 07505202005

6. ഭീതിവ്യാപാരികള്‍

മെയ് 26 ന് 4 pm – 10 pm. ട്രിനിറ്റി സെന്റര്‍, ഈസ്റ്റ് അവന്യു, മനോര്‍ പാര്‍ക്ക്. ഈസ്‌റ് ഹാം E12 6SG. ഫോണ്‍- 07737240192, 07930134340.

7. ജനനാനന്തര ജീവിതം.

മെയ് 27 ന് 5 pm – 10 pm ദി പ്ലാസ ഹോട്ടല്‍, തളറ്റ്, ഡബ്‌ളിന്‍. D24 X2FC. ഫോണ്‍- 0872263917, 0879289885.