കാരൂര്‍ സോമന്‍
ആത്മജ്ഞാനത്തിന്റെ അമൂര്‍ത്തഭാവങ്ങളായി മന്ദഹാസം പൊഴിച്ചും മനോഹാരിതയുടെ മാരിവില്ലുകള്‍ വിടര്‍ത്തി നില്ക്കുന്ന ചിത്രങ്ങളാണ് വത്തിക്കാനിലെ ഓരോരോ ദേവാലയങ്ങളിലുള്ളത്. അത് വെറും നാല്‍പത്തിനാല് ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന വത്തിക്കാനിലെ ആയിരത്തോളം വരുന്ന ദേവാലയങ്ങളില്‍ മാത്രമല്ല പാശ്ചാത്യരാജ്യങ്ങളിലെ എല്ലാ പ്രമുഖ ദേവാലയങ്ങളിലും ചിത്രകലയിലെ പ്രതിഭാസമ്പന്നന്മാരായ ഇതിഹാസ പുരുഷന്മാരുടെ കൈയൊപ്പുണ്ട്. വിടര്‍ന്ന കണ്ണുകളോടെ തിങ്ങിനിറഞ്ഞു നില്ക്കുന്ന സഞ്ചാരികള്‍ക്കൊപ്പം ഞാനും നിര്‍ന്നിമേഷനായി മിഴിച്ചു നോക്കി. ഓരോരോ ചിത്രങ്ങളിലും നിറഞ്ഞു തുളുമ്പുന്നത് നിറമാര്‍ന്ന സൗന്ദര്യത്തുടിപ്പുകളാണ്. തളിരും താരുമണിഞ്ഞ് വിടര്‍ന്നു നില്‍ക്കുന്ന ഒരു പൂന്തോപ്പിന്റെ പ്രതീതിയാണ് അതിനുള്ളില്‍ അനുഭവപ്പെട്ടത്. രക്തംപുരണ്ട ആ കൈവിരലുകള്‍ ചുവരുകളുടെ ഓരോരോ കോണില്‍നിന്ന് ഒപ്പിയെടുത്തത് ആദ്ധ്യാത്മികതയുടെ അനശ്വരഭാവങ്ങള്‍ മാത്രമല്ല ആത്മീയ ദര്‍ശനങ്ങള്‍ കൂടിയാണ്.
യരുശലേമിലെ സോളമന്‍ രാജാവ് പണി കഴിപ്പിച്ച യരുശലേം ദേവാലയത്തിന്റെ മാതൃകയിലാണ് പോപ്പ് സിക്‌സറ്റസ് നാലാമന്‍ എഡി. 1477-1481 കാലയളവില്‍ ഈ ചാപ്പല്‍ പുതുക്കി പണികഴിപ്പിച്ചത്. എ.ഡി. 1508ല്‍ പോപ്പ് ജൂലിയസ് രണ്ടാമനാണ് ലോകോത്തര പെയിന്ററും ചിത്രകാരനും ശില്പിയും ബുദ്ധിജീവിയുമായ മൈക്കിള്‍ അന്‍ജിലീയോട് വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പല്‍ പെയിന്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. സിസ്റ്റിന്‍ ചാപ്പല്‍പോലെ തന്നെ ലോകോത്തരചിത്രങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ചിത്രമാണ് ലാസ്റ്റ് ജഡ്ജമെന്റ്. പോപ്പ് ക്ലമന്റ് ഏഴാമന്റെ നിര്‍ദ്ദേശപ്രകാരം എ. ഡി. 1536 മുതല്‍ 1541 കാലയളവിലാണ് മൈക്കല്‍ അന്‍ജലോ അത് പൂര്‍ത്തീകരിക്കുന്നത്.
ആസ്വാദക മനസ്സുകളില്‍ എന്നും നിറഞ്ഞു നില്ക്കുന്ന മറ്റ് ചിത്രകാരന്മാരായ റാഫേല്‍, പീറ്ററോ, പെറുഗീനോ, സാന്‍ട്രോ ബോട്ടിസെലി, കോസ്സിമ റോസ്സേലി, ജയാന്‍ ലോറിന്‍ബോ അങ്ങനെ പലരും ഇതില്‍ പങ്കാളികളായിട്ടുണ്ട്. സ്വര്‍ണ്ണം ഉരുക്കിയൊഴിക്കുംപോലുള്ള സിസ്റ്റീന്‍ ചാപ്പലിലെ ഓരോ പെയിന്റിംഗും കലാകാവ്യസൗന്ദര്യത്തിന്റെ നിറക്കൂട്ടുകളാണ്. ആ ചിത്രങ്ങളില്‍നിന്ന് അജ്ഞാതമായ ഏതോ ഒരു ശക്തി അടുത്തേക്കു വന്ന് അരക്കിട്ടുറപ്പിക്കുന്നതുപോലെ തോന്നും, ആ നിമിഷങ്ങളില്‍ എന്റെ മനസ്സിനെ ആരോ എങ്ങോട്ടോ വലിച്ചിഴച്ചു. ഈ സമയം ദുര്‍ഗുണങ്ങള്‍ നിറഞ്ഞു നിന്ന രാജകൊട്ടാരങ്ങളെ, പാപകര്‍മ്മങ്ങള്‍ അനുഷ്ടിച്ചു പോന്ന രാജാക്കന്മാരെ ചക്രവര്‍ത്തിമാരെ ആരും ഓര്‍ത്തുപോകുക സ്വാഭാവികമാണ്. അന്ന് അന്ധവിശ്വാസങ്ങളായിരുന്നെങ്കില്‍ ഇന്ന് വര്‍ഗ്ഗീയതയുടെ വിഷം ചീറ്റുന്ന വിഷസര്‍പ്പങ്ങളാണ്. ഇന്‍ഡ്യയിലുള്ളത് : അത് കേരളത്തിലും പുളഞ്ഞ് വളഞ്ഞ് എത്തിക്കൊണ്ടിരിക്കുന്നു.
ഇവിടുത്തെ ഓരോ ചിത്രങ്ങളും വീടിനുള്ളില്‍ തെളിയുന്ന കെടാവിളക്കിന്റെ പ്രകാശമാണ് പ്രദാനം ചെയ്യുന്നത്. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അധിക ജ്ഞാനപഠനമില്ലെങ്കിലും വിശുദ്ധിയുടെ ഒരു ചൈതന്യം ഈ ചിത്രങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഈശ്വരന്റെ ആത്മാവു വസിക്കുന്നവര്‍ക്ക് അതൊരു വഴികാട്ടിയാണ്. അത് പാപത്തെക്കുറിച്ചുള്ള അവബോധമാണ് വളര്‍ത്തുന്നത്. ദൈവം ആത്മാവാണെന്നും ആത്മാവിലും സത്യത്തിലും ആരാധിക്കണമെന്ന് പറയുമ്പോള്‍ സത്യത്തില്‍ നമ്മള്‍ ആരാധനയ്ക്ക് യോഗ്യരാണോ? ഈ ചാപ്പലില്‍നിന്നാണ് കര്‍ദ്ദീനാളന്മാര്‍ പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നത്.
സിസ്റ്റിന്‍ ചാപ്പല്‍ നിറഞ്ഞു നില്ക്കുന്നത് യഹൂദ-ക്രിസ്തീയ ചരിത്രകഥകളാണ് പ്രപഞ്ചത്തിന്റെ ഉല്‍പത്തി തുടങ്ങീ യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിലും ഉയര്‍പ്പിലും പ്രത്യക്ഷപ്പെടലിലും അതവസാനിക്കുന്നു. മനുഷ്യമനസ്സുകളില്‍ അജ്ഞതയും അറിവില്ലായ്മയും പിശാചിന്റെ രൂപത്തില്‍ ഒളിഞ്ഞിരിക്കുന്നതുപോലെ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ഏതോ നിഗൂഢതയില്‍ ഒളിഞ്ഞിരുന്ന് നമ്മെ നോക്കുന്നതായി തോന്നി. അതാണോ നീ പണിയുക ഞാന്‍ പൊളിക്കുമെന്ന് ബൈബിളില്‍ പറയുന്നത്? റോമന്‍-യരുശലേം ദേവീദേവന്മാര്‍, ദേവാലയങ്ങള്‍ നൂറ്റാണ്ടുകളായി മനുഷ്യര്‍ ആരാധിച്ചുവന്നത് തകര്‍ന്ന് തരിപ്പണമായത് ഈ വാക്കുകളെ സാധൂകരിക്കുന്നതല്ലേ? അന്നത്തേ ഭരണത്തെ വിലയിരുത്തുമ്പോള്‍ ചെയ്ത പ്രവൃത്തികളുടെ പാപഫലങ്ങളുടെ ശമ്പളമായിട്ടേ ഈ അധഃപതനങ്ങളെ കാണാനാകൂ. പരിശുദ്ധാത്മാവ് എന്ന് പറഞ്ഞാല്‍ വെളിച്ചമാണ്.
നിഗളികളും അഹങ്കാരികളുമായ മനുഷ്യര്‍ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവില്‍ സഞ്ചരിക്കാത്തതുകൊണ്ടല്ലേ ഈ പ്രപഞ്ചത്തില്‍ എല്ലാം ദുരന്തങ്ങളുണ്ടാക്കുന്നതെന്ന് ഒരു നിമിഷം ഓര്‍ത്തുപോയി. റോമിലെ ദേവീദേവന്മാരും യരുശലേമിലെ ദേവാലയവും മനുഷ്യകുലത്തിന് ഒരു പാഠപുസ്തകം തന്നെയാണ്. നൂറുകണക്കിന് ജനങ്ങളെ കൊന്നൊടുക്കി രാജ്യങ്ങള്‍ പിടിച്ചടക്കി വരുമ്പോഴൊക്കെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ദേവാലയങ്ങളില്‍ പൂജകള്‍ ബലികര്‍മ്മങ്ങള്‍ നടത്തി സ്വയം ആശ്വസിച്ചവരാണവര്‍. യിസ്രായേലിലെ രാജാക്കന്മാരുടെ രാജാവായ ദാവീദിന്റെ നിര്‍ദ്ദേശപ്രകാരം ബി.സി. 920 മുതല്‍ 950 വരെയുള്ള കാലയളവിലാണ് യരുശലേം ദേവാലയം മകനായ ശലോമോന്‍ രാജാവ് പണികഴിപ്പിച്ചത്. അന്ന് അത് ലോകാത്ഭുതങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ആധുനിക അലങ്കാര ചാര്‍ത്തുകളോടെ അണിയിച്ചൊരുക്കിയ ദേവാലയമാകെ രത്‌നം പതിച്ച കല്ലുകളടങ്ങിയ വിലയേറിയ സമ്പത്തായിരുന്നു.
ശലോമോന്‍ രാജാവ് നാടുനീങ്ങിയതോടെ വിശുദ്ധ ദേവാലയത്തിന്റെ കഷ്ടകാലവും ആരംഭിച്ചു. റോമന്‍-ബ്രിട്ടീഷ് സാമ്രാജ്യങ്ങളടക്കം പതിനഞ്ച് ലോകശക്തികളാണ് ഈ ദേവാലയം ആക്രമിച്ച് അതിനുള്ളിലെ സമ്പത്ത് അപഹരിച്ചുകൊണ്ടുപോയത്. അന്നത്തെ പവിത്രവും സുന്ദരവുമായ യരുശലേം ദേവാലയത്തിന്റെ സ്ഥാനത്ത് ഇന്ന് നിലകൊള്ളുന്നത് ഇസ്ലാമിന്റെ മൂന്നാമത്തെ വിശുദ്ധ മോസ്‌കായ അത്- അകസാ മോസ്‌കാണ്. അതിനടുത്തു തന്നെയാണ് ഡോം ഓഫ് ദി റോക്ക്, യഹൂദ-ക്രിസ്ത്യന്‍, മുസ്ലീംമിന്റെ പുണ്യഭൂമിയാണത്. ദൈവത്തിന്റെ നഗരം, വിശുദ്ധ നഗരം, സമാധാനത്തിന്റെ നഗരം ഇങ്ങനെയുള്ള ഓമനപേരുകള്‍ മനുഷ്യന്‍ വാഴ്ത്തിപ്പാടിയ സ്ഥലത്ത് ഇന്ന് നടക്കുന്നത് രക്തച്ചൊരിച്ചാണ്. അതിനാല്‍ രക്തത്തിന്റെ നഗരം എന്നുകൂടി ചേര്‍ത്താല്‍ നല്ലതാണ്.
അറിവും വിവേകവുമില്ലാത്ത മനുഷ്യരാണ് ഏറ്റവും കൂടുതല്‍ അന്ധവിശ്വാസങ്ങളില്‍കൂടി ജീവിക്കുന്നത്. അവര്‍ക്ക് തണലായി വരുന്നത് മതങ്ങളും സമുദായങ്ങളുമാണ്. അവര്‍ക്ക് വന്‍തണലായി വരുന്നത് സ്വാര്‍ത്ഥമോഹികളായ ഭരണാധിപന്മാര്‍. ഇവരുടെ തലയില്‍ റോമന്‍ യഹൂദ്യ രാജാക്കന്മാരുടെ ശിരസ്സില്‍ ചൂടിയിരുന്ന കിരീടങ്ങള്‍ കൂടിയുണ്ടായാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട് പോയ രഥങ്ങളും കുതിരകളും നമ്മുടെയിടയിലൂടെ അതിവേഗം ഓടിക്കൊണ്ടിരിക്കുന്നത് കാണാം. ഇന്ന് ആ സ്ഥാനത്ത് കാറുകളും കൊടികളുമാണ്. ആ കൂട്ടത്തില്‍ ധാരാളം രഥയാത്രകളും ഘോഷയാത്രകളും തീര്‍ത്ഥയാത്രകളുമുണ്ട്. മറ്റൊരു കൂട്ടര്‍ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നത് ആരിലും ആശ്ചര്യമുണര്‍ത്തുന്ന വന്‍സൗധങ്ങള്‍ ഉണ്ടാക്കിയിട്ടാണ്.
ഈ രഥയാത്രകള്‍ നടത്തുന്നവരും വന്‍ സൗധങ്ങളുണ്ടാക്കുന്നവരും അയല്‍പക്കത്തോ സമൂഹത്തിലോ ദൈനംദിനം രോഗം, പട്ടിണി, ദാരിദ്ര്യം മുതലായവയാല്‍ തളയ്ക്കപ്പെട്ടവന്റെ നൊമ്പരങ്ങള്‍ തിരിച്ചറിയാതെ സ്വര്‍ഗ്ഗത്തില്‍ സന്തുഷ്ടനായി കഴിയുന്ന ദൈവത്തെ പ്രീതിപ്പെടുത്താനും വിതുമ്പി കഴിയുന്ന പാവങ്ങളുടെ രക്ഷകനായി വരുന്നതും. ഇത് അധോലോകസംഘത്തില്‍പ്പെട്ടവര്‍ അല്ലെങ്കില്‍ അഴിമതി നടത്തി സമ്പന്നരാകുന്നവര്‍ ദൈവങ്ങളെ, പുണ്യാത്മാക്കളെ കമ്പോളത്തില്‍ വിറ്റഴിച്ച് പാവങ്ങളെ നിശ്ശബ്ദരാക്കുന്ന കപട മുഖങ്ങള്‍ ഉള്ളവരാണ്. ഇവര്‍ അറിയാതെ പോകുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അതായത് ഭീകരസ്വഭാവമുള്ള മനുഷ്യര്‍, അധികാരദുര്‍ഭരണം നടത്തിയ സാമ്രാജ്യത്വശക്തികള്‍ അവരുടെ ദേവാലയങ്ങള്‍, ദേവീ-ദേവന്മാര്‍ ഈശ്വരന്‍ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാക്കിയത് ലോകചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
അന്ന് വീറോടെ പൊരുതി യുദ്ധങ്ങളില്‍ ജയിച്ചവരും ഇന്ന് തെരെഞ്ഞെടുപ്പുകളിലൂടെ പൊരുതി ജയിക്കുന്നവരും മാനവരാശിയുടെ നന്മയ്ക്കായി പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവരാണോ അതോ അധികാരഭ്രാന്തും മതഭ്രാന്തും സമൂഹത്തില്‍ വളര്‍ത്തി അരാജകത്വം സൃഷ്ടിച്ച് സമ്പത്തുണ്ടാക്കുന്നവരാണോ? ഈ കുറുക്ക് വഴികള്‍ കണ്ടെത്തുന്ന കുറുക്കന്മാര്‍ സമൂഹത്തില്‍ കനല്‍ വാരിയെറിയാതെ പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയ ചിത്രങ്ങളില്‍ കാണുന്നവിധം ആത്മാന്വേഷണം നടത്തി കാലത്തിനും ചരിത്രത്തിനുമായി സ്‌നേഹത്തിന്റെ പൂങ്കാവനങ്ങള്‍ തീര്‍ക്കുകയാണ് വേണ്ടത്.