ലണ്ടന്‍: ബ്രെക്‌സിറ്റ് മൂലം യുകെയുടെ സാമ്പത്തിക് വ്യവസ്ഥയ്ക്കുണ്ടാകാന്‍ സാധ്യതയുള്ള നഷ്ടത്തേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പുറത്ത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് യുകെയിലെ 18 സ്‌പെഷ്യലിസ്റ്റ് വ്യവസായങ്ങളിലെ 20 ശതമാനം വരുന്ന ജീവനക്കാര്‍ യൂറോപ്യന്‍ കുടിയേറ്റക്കാരാണ്. ബ്രെക്‌സിറ്റോടെ ഇവരില്‍ വലിയൊരു ശതമാനത്തിന്റെയും സേവനം ലഭ്യമല്ലാതെ വരും. യൂറോപ്യന്‍ തൊഴിലാളികള്‍ ബ്രെക്‌സിറ്റിനു ശേഷവും ഇവിടെത്തന്നെ നില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഭൂരിപക്ഷം പേരും അതിന് തയ്യാറായേക്കില്ലെന്നാണ് സൂചന.

2019ഓടെ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകും. അതിനു ശേഷം ഇപ്പോള്‍ ലഭിക്കുന്ന സൂചനയനുസരിച്ച് സഞ്ചാര സ്വാതന്ത്ര്യം കുറച്ചു കാലം കൂടി നിലനിര്‍ത്തിയേക്കും. ഇതും അവസാനിച്ചാല്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ പൗരന്‍മാര്‍ രാജ്യത്തിന് നല്‍കുന്ന സാമ്പത്തിക, സാമൂഹിക സംഭാവനകളും അവര്‍ക്കുണ്ടാകുന്ന ചെലവുകളും വിലയിരുത്തുമെന്ന് കഴിഞ്ഞയാഴ്ചയാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി അറിയിച്ചത്.

യൂറോപ്യന്‍ പൗരന്‍മാര്‍ പിന്മാറുന്നത് എന്‍എച്ച്എസ്, റെസിഡന്‍ഷ്യല്‍ കെയര്‍ എന്നിവയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള പ്രതിസന്ധികളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തേ ആരംഭിച്ചിരുന്നു. എന്നാല്‍ മറ്റു വ്യവസായ മേഖലകളിലും യൂറോപ്യന്‍ തൊഴിലാൡകള്‍ നിര്‍ണ്ണായക ശക്തിയാണെന്ന് ഒഎന്‍എസ് സര്‍വേ വ്യക്തമാക്കുന്നു.