ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെംബ്ലി : നീണ്ട 55 വർഷങ്ങൾ ഇംഗ്ലണ്ടുകാർ കാത്തിരുന്നത് കയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെടുന്നത് കാണാനായിരുന്നോ? വെംബ്ലിയിലെ ഇംഗ്ലീഷ് ആരാധകരുടെ സ്വപ്നം തട്ടിത്തെറുപ്പിച്ച് മാൻസീനിയുടെ അസൂറിപ്പട യൂറോ കപ്പുമായി റോമിലേക്ക് പറക്കും. നിശ്ചിതസമയത്തും അധികസമയത്തും ഓരോ ഗോൾ അടിച്ചു സമനില പാലിച്ച് ഷൂട്ട്‌ ഔട്ടിലേക്ക് എത്തിയപ്പോൾ ഇംഗ്ലണ്ടിന് പിഴച്ചു. പെനാൽറ്റിയെടുക്കാൻ വേണ്ടി മാത്രം സൗത്ത്ഗേറ്റ് കളത്തിലിറക്കിയ മാർകസ്​ റാഷ്​ഫോഡിന്‍റെയും ജോർദൻ സാഞ്ചോയുടേയും കിക്കുകൾ പിഴച്ചതോടെ ഇറ്റലിയുടെ നീലനിറം യൂറോയുടെ ഹൃദയത്തിൽ പടർന്നു. പിന്നാലെയെത്തിയ യുവതാരം സാക്കയ്ക്കും പിഴച്ചതോടെ ഇംഗ്ലീഷ് പടയുടെ പതനം പൂർത്തിയായി. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ​ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് അസൂറിപ്പടയുടെ വിജയം. അതോടെ ഇംഗ്ലണ്ടുകാരുടെ കണ്ണീർ കുതിർന്ന മണ്ണിൽ ഇറ്റാലിയൻ പട ആനന്ദനൃത്തം ചവിട്ടി. യൂറോപ്യൻ ഫുട്ബോളിന്‍റെ വേഗവും ചടുലതയും നിറഞ്ഞു തുളുമ്പിയ ഫൈനൽ പോരാട്ടം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ ഇറ്റാലിയൻ പോസ്റ്റിലേക്ക്​ ​നിറയൊഴിച്ച് ഇംഗ്ലണ്ട് കാലാശപ്പോരാട്ടം ആവേശകരമാക്കി. കെവിൻ ട്രിപ്പിയറിന്റെ മനോഹര ക്രോസ് ഇടം കാലുകൊണ്ട്​ അതിലും മനോഹരമായി വലയിലെത്തിച്ച ലൂക്​ ഷായാണ്​ ഇംഗ്ലണ്ട് കാണികളെ ആനന്ദത്തിൽ ആറാടിച്ചത്. ഗംഭീര കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ആ ഗോൾ പിറന്നത്. അധികം വൈകാതെ തന്നെ കളിയുടെ നിയന്ത്രണം ഇറ്റലി പിടിച്ചെടുത്തെങ്കിലും ഇംഗ്ലീഷ് പ്രതിരോധ നിര ഉറച്ചു നിന്നു. 36ാം മിനിറ്റിൽ ലൂക്​ ഷാ ഇറ്റാലിയൻ ഗോൾമുഖം ലക്ഷ്യമാക്കി നൽകിയ ക്രോസ്‌ പിടിച്ചെടുക്കാൻ ആരുമില്ലാതെ പോയി. രണ്ടാംപകുതിയിൽ കൂടുതൽ ശക്തരായി കളം പിടിക്കുന്ന ഇറ്റലിയെയാണ്​ മൈതാനം കണ്ടത്. ഒടുവിൽ ഇറ്റാലിയൻ ആരാധകർ ആഗ്രഹിച്ച നിമിഷമെത്തി. 66ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നും ഉടലെടുത്ത കൂട്ടപ്പൊരിച്ചിലിനൊടുവിൽ പോസ്റ്റിൽ തട്ടിമടങ്ങിയ പന്ത്​ ബൊനൂചി വലയിലെത്തിക്കുകയായിരുന്നു. ആക്രമണങ്ങൾ തുടർന്നെങ്കിലും ഇംഗ്ലീഷ് ഗോൾകീപ്പർ ജോർഡൻ പിക്​ഫോർഡിന്‍റെ ഞൊടിയിട സേവുകളാണ് കളി അധികസമയത്തേക്ക് നീട്ടിയത്.

പെനാൽറ്റിയിൽ ഇറ്റലിയ്ക്കായി ബെറാർഡി, ബൊനൂച്ചി, ബെർണാഡെസ്കി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹാരി മഗ്വയറും ഹാരി കെയ്നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകൾ പാഴായി. 1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പിൽ മുത്തമിടുന്നത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ച ഇംഗ്ലീഷ് താരങ്ങൾ ഗോൾ നേടാൻ മറന്നു. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ഇറ്റലിയാണ് മുന്നിൽ. കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോൽക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. യൂറോ കപ്പിലെ താരമായി ഇറ്റലിയുടെ ഗോൾകീപ്പർ ​ഡോണറുമ്മ. റോബർട്ടോ മാൻസീനിയെന്ന തന്ത്രജ്ഞൻെറ വിജയമാണിത്. 2018 ലോകകപ്പിൽ യോഗ്യത നേടാൻ കഴിയാതെ പോയ ഒരു ടീമിന്റെ തിരിച്ചുവരവിന്റെ വീരഗാഥയാണിത്. ഇംഗ്ലീഷ് ആരാധകരുടെ കണ്ണീർക്കടൽ വെംബ്ലിയിൽ നിറയുന്നു. മറ്റൊരു കിരീടത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.