മനുഷ്യനേക്കാള്‍ ആയുസ്സ് കുറവുള്ള ജീവിയാണ് നായ്ക്കള്‍. നായയുടെ ഒരു വര്‍ഷം മനുഷ്യന്‍റെ ഏഴു വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്നാണ് ശാസ്ത്രലോകം ഇക്കലാംവരെ പറഞ്ഞിരുന്നത്. എന്നാല്‍, ഇളയ നായ്ക്കൾ മുമ്പ് കരുതിയിരുന്നതിനേക്കാൾ “പ്രായമുള്ളവർ” ആണെന്ന് പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് നായ്ക്കുട്ടിയുടെ ഒരു വയസ്സ് യഥാർത്ഥത്തിൽ മനുഷ്യന്റെ 30 വയസ്സിന് തുല്യമാണെന്നാണ്.
കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ സാൻ ഡീഗോയിലുള്ള സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് നായകളില്‍ ഡിഎൻഎ – പരിഷ്ക്കരണങ്ങളിലേക്ക് നയിക്കുന്ന എപിജനെറ്റിക് മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനെ കുറിച്ച് വിശദമായി വിവരിച്ചത്. ആദ്യം അവര്‍ മനുഷ്യ ജീനോമിന്റെ ചില മേഖലകളിൽ കാലക്രമേണ ശേഖരിക്കപ്പെടുന്ന പ്രത്യേക തന്മാത്രകളായ മെഥൈൽ ഗ്രൂപ്പുകൾ പരിശോധിച്ചു. പിന്നീട് ഡോഗ് ജീനോമിലെ സമാന പ്രദേശങ്ങളിൽ അവ എങ്ങനെയാണ് ശേഖരിക്കപ്പെട്ടതെന്ന് അവ താരതമ്യം ചെയ്തു നോക്കി. നായകുട്ടികള്‍ മുതല്‍ മുതിര്‍ന്ന നായ്ക്കള്‍ വരെ നൂറോളം ലാബ്രഡോറുകളിലാണ് പഠനം നടത്തിയത്. അങ്ങിനെയാണ് നായയുടെ ഒരു വര്‍ഷം മനുഷ്യന്‍റെ ഏഴു വര്‍ഷങ്ങള്‍ക്ക് തുല്യമല്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.
ഒരുവയസ്സുള്ള നായകളില്‍ മനുഷ്യനിലേക്കാള്‍ വളരെ വേഗത്തിൽ മെഥൈൽ ഗ്രൂപ്പുകള്‍ അടിഞ്ഞുകൂടും. വളരെ വേഗത്തിൽ പ്രായമാകുന്നു എന്നര്‍ത്ഥം. എന്നാല്‍, കാലം കഴിയുന്തോറും, മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ നായ്ക്കളിൽ വാർദ്ധക്യത്തിന്റെ തോത് കുറയുന്നു. അതായത് മെഥൈൽ ഗ്രൂപ്പുകള്‍ അടിഞ്ഞുകൂടുന്നത് ഗണ്യമായി കുറഞ്ഞു വരുന്നു എന്നാണ് കണ്ടെത്തല്‍. കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഒരു വയസ്സുള്ള നായ 30 വയസ്സുള്ള മനുഷ്യന് തുല്യമാണ് എന്നാണ്. നാലു വയസ്സ് മനുഷ്യന്‍റെ 54 വയസിന് സമം. 14- വയസ് എന്നത് 70 വയസ്സും.
Leave a Reply