ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ ഫോക്സ് ന്യൂസ് റിപ്പോർട്ടർ രംഗത്ത്. ‘നിങ്ങൾ എപ്പോഴെങ്കിലും എന്റെ ഓഫീസിലേക്ക് വരണം, അവിടെവെച്ചു നമുക്ക് ചുംബിക്കാം’ എന്ന് അമേരിക്കൻ പ്രസിഡന്റാകുന്നതിന് മുമ്പ് ട്രംപ് പറഞ്ഞിരുന്നതായി കോർട്ട്നി ഫ്രിയൽ ആരോപിച്ചു. അവരുടെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ ‘ടുനൈറ്റ് അറ്റ് 10: കിക്കിംഗ് ബൂസ്, ബ്രേക്കിംഗ് ന്യൂസ്’ എന്ന പുസ്തകത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്രംപിന്‍റെ മിസ് യുഎസ്എ സൗന്ദര്യമത്സരത്തിൽ ജഡ്ജായി പോകാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞാണ് ട്രംപ് ഫോണിലൂടെ ബന്ധപ്പെട്ട് കാര്യം പറഞ്ഞതെന്ന് ഫ്രിയൽ പറയുന്നു. ‘ഞെട്ടലില്‍നിന്നും വിട്ടുമാറാന്‍ അല്‍പം സമയമെടുത്തെങ്കിലും ഞങ്ങള്‍ രണ്ടുപേരും വിവാഹിതരാണെന്ന കാര്യം ട്രംപിനെ ഓര്‍മ്മിപ്പിച്ച് കോള്‍ കട്ട് ചെയുകയായിരുന്നു’ എന്നാണ് അവര്‍ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് നേരിട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
ട്രംപിനെതിരെ ഡസന്‍കണക്കിന് സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. അവരെയെല്ലാം നുണയന്മാരായി ചിത്രീകരിക്കാനാണ് അദ്ദേഹം ഇപ്പോഴും ശ്രമിച്ചിട്ടുള്ളത്. ‘എന്നാല്‍ ഞാന്‍ ആ സ്ത്രീകളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു’ എന്ന് ഫ്രിയൽ പറഞ്ഞു. എന്നാല്‍, ഫ്രിയൽ കള്ളമാണ് പറയുന്നതെന്ന് വൈറ്റ്‌ഹൌസ് പ്രതികരിച്ചു. ‘ലൈംഗികമായി ഉപദ്രവിക്കാന്‍ മാത്രം അവര്‍ ആകൃഷ്ടയായി തോന്നിയിട്ടില്ല’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം
Leave a Reply