ചിക്കൻ കടം വാങ്ങിയവർ പണം തിരികെ നൽകാത്തതിനെ തുടർന്ന് സാമ്പത്തിക നഷ്ടം സംഭവിച്ച മുൻ പ്രവാസിയായ ഒരു വ്യാപാരിയുടെ സങ്കടമാണ് ഇന്ന് സോഷ്യൽമീഡിയയിൽ നിറയുന്നത്. കട പൂട്ടാനുള്ള കാരണം നിങ്ങളാണെന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് കാസർകോഡ് ആദൂരിലെ സി.എ നഗർ ചിക്കൻ കട ഉടമ ഹാരിസ്. ഗതികെട്ടാണ് ഇത്തരത്തിൽ എഴുതി വെച്ചതെന്ന് ഹാരിസ് പറയുന്നു.
‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം. നിങ്ങൾ വാങ്ങിയതിന്റെ പൈസ ഉടൻ തന്നെ നൽകേണ്ടതാണ് അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ എന്നാണ് ബോർഡ് എഴുതി സ്ഥാപിച്ചിരിക്കുന്നത്. ഇത് തന്റെ പ്രതിഷേധം കൂടിയാണെന്ന് ഹാരിസ് പറയുന്നു. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടതിനെ തുടർന്നാണ് ഹാരിസിന് കട അടച്ചിടേണ്ടി വന്നത്. കഴിഞ്ഞ 20 വർഷത്തോളമായി ദുബായിൽ ജോലി ചെയ്തിരുന്ന ഹാരിസ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തന്നെ സ്ഥിര താമസമാക്കുകയായിരുന്നു.
ഇതിനിടയിലാണ് ഉപജീവന മാർഗമായി ഒന്നരവർഷം മുൻപ് ഒരു കോഴിക്കട തുടങ്ങിയത്. ചെറിയ രീതിയിൽ വരുമാനം ലഭിച്ചിരുന്നെങ്കിലും പലരും കടമായി ചിക്കൻ വാങ്ങിയതാണ് തിരിച്ചടി നേരിട്ടത്. വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി നൽകിയിരുന്നുവെങ്കിലും പലരും ഇതുവരെ പണം നൽകിയില്ലെന്ന് ഹാരിസ് പറയുന്നു. കൂടാതെ കോഴി വെട്ടിയ ശേഷം പണം പിന്നെ തരാമെന്നും അനവധി പേർ പറയുന്ന അവസ്ഥയും ഉണ്ടായതായും വീടുകളിൽ കോഴി കൊണ്ടുകൊടുത്ത വകയിലും വലിയ തുക കിട്ടാനുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
പലരിൽ നിന്നായി ഏകദേശം 55,000 രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും തരാനുള്ളവരുടെ മുഴുവൻ കണക്കുകളും തന്റെ പക്കലുണ്ടെന്നും ഹാരിസ് വ്യക്തമാക്കി. ഉപഭോക്താക്കളോടുള്ള വിശ്വാസം കൊണ്ടും ആവലാതികൾ പറയുമ്പോൾ മനസിന് അലിവ് തോന്നിയുമാണ് പലർക്കും ചിക്കൻ കടം കൊടുത്തത് കിട്ടാനുള്ള പണം പെരുകിയപ്പോൾ കട അടച്ചുപൂട്ടുക മാത്രമായിരുന്നു മുന്നിലുള്ള വഴി.
അടുപ്പമുള്ള ചിലർ നൽകിയ ഉപദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു ബോർഡ് വെക്കേണ്ടി വന്നതെന്ന് ഹാരിസ് തന്റെ സങ്കടം പറയുന്നു. അതേസമയം, ബോർഡ് കണ്ട് ചിലർ തങ്ങൾ പണം നൽകാനുണ്ടോ എന്ന് ചോദിച്ച് തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ ആരും തന്നെ പണം തരാൻ ഉള്ളവരായിരുന്നില്ല. അതേസമയം പണം നൽകാനുള്ളവർ ഇതുവരെ വിളിച്ചിട്ടു പോലുമില്ലെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
ഹാരിസ് നേരത്തെയും നിരവധി തവണ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. പ്രവാസിയായിരിക്കെ പാര്‍ട്ണറെ കൂട്ടി ഒരു വ്യാപാരം തുടങ്ങിയിരുന്നു. എന്നാല്‍ പാര്‍ട്ണര്‍ പറ്റിച്ചതോടെ 14 ലക്ഷം രൂപയുടെ കടക്കാരനായി താന്‍ മാറിയെന്ന് അദ്ദേഹം പറയുന്നു. കോഴിക്കടയ്ക്കൊപ്പം ലക്ഷങ്ങള്‍ ചിലവിട്ട് രണ്ട് റെസ്റ്റോറന്റുകളും ഹാരിസ് തുടങ്ങിയിരുന്നുവെങ്കിലും കച്ചവടം കുറഞ്ഞതും മറ്റ് പ്രശ്‌നങ്ങളും കാരണം അതും അടച്ചുപൂട്ടേണ്ടി വന്നു. ഇപ്പോള്‍ ജീവിതം പച്ചപിടിപ്പിക്കാനായി അതിഥി തൊഴിലാളികള്‍ക്കൊപ്പം തേപ്പ് പണി ചെയ്യുകയാണ് ഹാരിസ്. ഒരിക്കല്‍ തന്റെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കുട്ടികളുടെ പിതാവായ ഈ മുന്‍ പ്രവാസിയുടെ പ്രതീക്ഷ.
	
		

      
      



              
              
              




            
Leave a Reply