മലയാള സിനിമയിലെ ഹാസ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷകപ്രീതിയും കയ്യടിയും നേടിയ താരമാണ് ജഗദീഷ്. 1984 പുറത്തിറങ്ങിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ട് തൻറെ നടൻ ആവുക എന്ന തൻറെ ആഗ്രഹം അദ്ദേഹം സഫലീകരിച്ചു. തുടർന്ന് ജഗദീഷ് തന്നെ കഥയെഴുതിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി ഓ എന്നീ ചിത്രങ്ങളിലെ അഭിനയം മലയാള സിനിമയിൽ ഒരു സ്ഥാനം അദ്ദേഹത്തിന് നേടിക്കൊടുക്കുകയുണ്ടായി. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ തുടങ്ങി. അധ്യാപന ജോലിയിൽ നിന്ന് ദീർഘകാല അവധിയെടുത്ത് സിനിമയിൽ ശ്രദ്ധകേന്ദ്രീകരിച്ച ജഗദീഷ്, കൂടുതലും കൈകാര്യം ചെയ്തത് കോമഡി വേഷങ്ങൾ ആയിരുന്നു.

നായകൻറെ കൂട്ടുകാരനായും സഹ നായകനായും നായകനായും എല്ലാം മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം വന്ദനം, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ജനപ്രിയനായി മാറി. 90കളിലെ ലോ ബഡ്ജറ്റ് ചിത്രങ്ങളിലെ പതിവു നായകനായിരുന്നു ജഗദീഷ്. ഏതാണ്ട് മുപ്പതോളം ചിത്രങ്ങളിൽ നായകനായി അഭിനയിക്കുകയും അവയിൽ ഭൂരിഭാഗവും വിജയചിത്രങ്ങളായി മാറുകയും ചെയ്തു .മുകേഷ്, സിദ്ധിഖ് എന്നിവരോടൊപ്പം നായകനായും മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം സഹ നായകനായും തിളങ്ങി. അടുത്തിടെയായിരുന്നു ജഗദീഷിന്റെ ഭാര്യ ഡോക്ടർ രമ മരണത്തിന് കീഴടങ്ങിയത്. ഭാര്യയുടെ മരണം തെല്ലൊന്നുമായിരുന്നില്ല താരത്തെ പിടിച്ചുലച്ചത്. പല വേദികളിലും മരണത്തിനും മുമ്പും ശേഷവും ഭാര്യയെ പറ്റി താരം പറയുമ്പോൾ വാചാലനാകാറുണ്ടായിരുന്നു.

താരം ഇപ്പോൾ കഴിഞ്ഞദിവസം ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ഭാര്യയുടെ മരണത്തെപ്പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. “തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു രമ. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ന്യൂറോൺസിനെ ബാധിക്കുന്ന അസുഖമായിരുന്നു രമയ്ക്ക്. ന്യൂറോണിന്റെ പ്രവർത്തനം നടക്കാതെ വരുന്ന അവസ്ഥ. അവസാനം വരെ അവളെ സ്നേഹിക്കുക മാത്രമല്ല നല്ല കെയറും കൊടുക്കുവാൻ എനിക്ക് സാധിച്ചു. അതിൽ അതിയായ സന്തോഷവും ഉണ്ട്. രോഗം അറിയാൻ ഒരിക്കലും വൈകിയതല്ല. ഹോമിയോപ്പതിയിലെ പഠനം പറഞ്ഞത് ചിക്കൻപോക്സ് വന്നൊരു രോഗിയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ അതിൽ നിന്ന് ഉള്ള വൈറസ് രമയെ ബാധിച്ചു എന്നാണ്.

എന്നാൽ അലോപ്പതി ആ വാദത്തെ പാടെ തള്ളുന്നുമുണ്ട്. അങ്ങനെ മരിച്ച മതദേഹത്തിൽ നിന്ന് വൈറസ് ബാധിക്കാനുള്ള ഒരു സാധ്യതയുമില്ല എന്നായിരുന്നു അലോപ്പതി പറഞ്ഞിരുന്നത്. അറിഞ്ഞപ്പോൾ മാത്രം അവളുടെ കണ്ണുകൾ ചെറുതായി ഒന്നു നിറഞ്ഞു. പിന്നെ ഒരിക്കലും ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടില്ല എന്ന് മാത്രമല്ല, ഒരു രോഗിയാണെന്ന ഭാവം പോലും രമ കാണിച്ചിട്ടില്ല. അവസാന നിമിഷം വരെ രോഗത്തോട് പൊരുതി. ഭാര്യയോട് സ്നേഹം മാത്രമല്ല അതിയായ ആദരവും ബഹുമാനവും ആണ് എനിക്ക്. രോഗം ബാധിച്ചു കഴിഞ്ഞപ്പോൾ ഒപ്പു ചെറുതായി പോകുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു. ഒരു ദിവസം ഒപ്പിട്ടപ്പോൾ ചെറുതാകുന്നുണ്ടല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു. പക്ഷേ പിന്നീട് രോഗം സ്ഥിരീകരിച്ച ശേഷം ഞാൻ നെറ്റിൽ നോക്കിയപ്പോൾ ലക്ഷണങ്ങളിൽ ഒന്നായി കണ്ടത് കൈയക്ഷരം ചെറുതാകുന്നതായിരുന്നു.

കൈയുടെ പ്രവർത്തനം ചെറുതാകുന്ന തരത്തിൽ ആയിരിക്കും അപ്പോൾ ന്യൂറോണുകൾ പ്രവർത്തിക്കുക. ഒരിക്കലും ജഗദീഷിന്റെ ഭാര്യ എന്ന നിലയിൽ അല്ലായിരുന്നു രമ അറിയപ്പെട്ടത്. മരിച്ചപ്പോൾ പോലും വാർത്ത വന്നത് ഡോക്ടർ പി രമ അന്തരിച്ചുവെന്നായിരുന്നു. ജീവിതത്തിൽ ഒരിക്കലും എൻറെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കാത്ത വ്യക്തിയായിരുന്നു. ആകെ മൂന്ന് തവണ മാത്രം എൻറെ ഒപ്പം വിദേശയാത്രയ്ക്ക് വന്നു. ഫംഗ്ഷനുകൾക്ക് ഒന്നും വരാറില്ല. വിളിക്കുമ്പോൾ ഞാൻ വരുന്നില്ല എന്ന് പറയും. ഞാൻ എത്ര സമ്പാദിക്കുന്നുണ്ടെന്ന് ഒരിക്കലും ചോദിച്ചിരുന്നില്ല. നല്ലൊരു ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് പോയപ്പോഴും എന്നെ പിന്തിരിപ്പിച്ചില്ല. താൽപര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ പൊക്കോളൂ എന്ന് മാത്രം പറഞ്ഞു. വീട്ടിലെ ഗ്രഹനാഥനും ഗൃഹനാഥയും രമിയായിരുന്നു. കുടുംബത്തെ മൊത്തം താങ്ങി നിർത്തി. ജോലിയോടൊപ്പം മക്കളുടെയും എൻറെയും കാര്യങ്ങൾ ഒരു കുറവും കൂടാതെ നിറവേറ്റി. വ്യക്തിത്വത്തിന് ഞാൻ എനിക്ക് നൽകുന്ന മാർക്ക് നൂറിൽ അമ്പതാണെങ്കിൽ രമയ്ക്ക് അത് നൂറിൽ 90 ആണ് എന്ന് താരം മനസ്സ് തുറന്നു.