സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഇംഗ്ലണ്ടിലെ ലെസ്റ്റർ നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന ശക്തമായ ലോക്ക് ഡൗൺ നിയമങ്ങളിൽ ഇളവുകൾ വരുത്തിയിരിക്കുകയാണ്. കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് ഈ നടപടി എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ജൂലൈ 24 മുതൽ ഇളവുകൾ നിലവിൽ വരും. ഹൗസ് ഓഫ് കോമ്മൺസിൽ നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ജൂൺ 29 മുതൽ ലെസ്റ്റർ നഗരത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകളും നഴ്സറികളും മറ്റും തുറക്കുവാൻ അനുമതി നൽകിയിരിക്കുകയാണ്. എന്നാൽ ബാറുകൾ തുടർന്നും അടച്ചു ഇടേണ്ടത് അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് അധികൃതർ.
ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സമയത്ത് ഒരുലക്ഷം പേരിൽ 135 പേർക്ക് രോഗബാധ എന്ന തോതിൽ ആയിരുന്നു ലെസ്റ്റർ നഗരം. ഇപ്പോൾ അത് ഒരു ലക്ഷം പേരിൽ 119 എന്ന കണക്കിലേക്ക് ചുരുങ്ങി ഇരിക്കുകയാണ്. അവശ്യവസ്തുക്കൾ അല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ പരമാവധി തുറക്കാതിരിക്കുവാൻ ശ്രമിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ബാറുകളും, റസ്റ്റോറന്റുകളും തുടർന്നും അടഞ്ഞു കിടക്കും. ആവശ്യമില്ലാതെ യാത്ര ചെയ്യുന്നതും കൂട്ടം കൂടുന്നതും ജനങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു. ജൂൺ 29 ന് രാജ്യത്താകമാനം ഏർപ്പെടുത്തിയ ഇളവുകളിൽ ലെസ്റ്റർ നഗരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്ന് ആരോഗ്യ അധികൃതർ ഓർമ്മിപ്പിച്ചു.
Leave a Reply