ജോബ് ആപ്പ് വഴി പ്രവാസിയുടെ 19.5 ലക്ഷം രൂപ തട്ടിയതായി പരാതി. മുദാക്കല്‍ വാളക്കാട് പീലിയോട്ടുകോണം കോയിക്കല്‍വീട്ടില്‍ പ്രശാന്തിനാണ് (36) പണം നഷ്ടമായത്. മൂന്ന് മാസം മുമ്പ് നടന്ന തട്ടിപ്പ് സംബന്ധിച്ച് പ്രശാന്ത് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കി. കേസെടുത്തതായി ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ പറഞ്ഞു.

പ്രശാന്തും കുടുംബവും ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ്. ഓണ്‍ലൈന്‍ ജോലിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ്‌ പ്രശാന്ത് തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ടത്. ആറ് അംഗങ്ങളുളള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രശാന്തിനെ അംഗമാക്കിക്കൊണ്ടാണ് ഓണ്‍ലൈന്‍ വഴി പണം തട്ടിയത്. നിശ്ചിത തുക അക്കൗണ്ടില്‍ നിന്ന് നല്‍കുമ്പോള്‍ ഒരു ഓണ്‍ലൈന്‍പ്രവൃത്തി ലഭിക്കും. ഇത് പൂര്‍ത്തിയാക്കിയാല്‍ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യമാദ്യം ചെറിയ തുകകള്‍ നല്‍കി ലഭിച്ച പ്രവൃത്തികള്‍ക്ക് പ്രതിഫലം ലഭിച്ചു. ഇത് വിശ്വസിച്ച് വലിയ തുകകള്‍ നല്‍കി പ്രവൃത്തികള്‍ ഏറ്റെടുത്തു. എന്നാല്‍ ഇവയില്‍ നിന്ന് പ്രതിഫലം ലഭിക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കി കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണം നല്‍കിക്കൊണ്ടിരുന്നു. ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ക്ക് വന്‍തുക പ്രതിഫലം ലഭിക്കുന്നതായ വിവരങ്ങള്‍ ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

സംഭവം തട്ടിപ്പാണെന്ന് മനസ്സിലായതോടെ പണം നല്‍കുന്നത്‌ നിര്‍ത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഒരാള്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലായതായി പ്രശാന്ത് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.