സിബി തോമസ് കാവുകാട്ട്

ഒക്ടോബർ 8 -ന് മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഒരു ക്ഷണിതാവായി പങ്കെടുത്തപ്പോഴാണ് കലയും കഴിവും മനുഷ്യൻ നിർമ്മിച്ച ഭാഷയുടെയും ദേശത്തിന്റെ അതിർവരമ്പുകളെയും മായിച്ചു കളയുന്ന മാസ്മരികതയാണെന്നത് നേർക്ക് നേർ കാണുന്നത്.

കിത്തലിയുടെ മേയർ , എംപി, കൗൺസിലർ തുടങ്ങി അനേകം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന എല്ലാ കലാപ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. നിർലോഭമായ പ്രോത്സാഹനങ്ങളാൽ എല്ലാ കലാകാരേയും സദസ്സ് ആരിച്ചപ്പോഴും സദസ്സിൽ നിന്ന് ഉണ്ടായ ആ വേറിട്ട പ്രതികരണം അത്യന്തം ആഹ്ലാദദായകമായിരുന്നു.

3 വയസ്സുകാരി വേദിയിൽ മൈക്കുമായി എത്തിയപ്പോൾ കൊച്ചു കുഞ്ഞല്ലേ സഭാകമ്പം ഇല്ലാതെ ഇത്രയും വലിയ സദസിനു മുൻപിൽ നിൽക്കുന്നല്ലേ കൊള്ളാം നല്ലത് എന്നാദ്യം മനസ്സിൽ തോന്നി. പിന്നീട് എന്തെങ്കിലും രണ്ടുവരി കവിതയോ കുഞ്ഞു കഥയോ കുഞ്ഞുവായിൽ പറയും എന്നാണ് കരുതിയത്. പക്ഷേ സകലരെയും അമ്പരപ്പിച്ചുകൊണ്ട് ഏതാണ്ട് അഞ്ചു മിനിറ്റോളം ഒരു വാക്കുപോലും തെറ്റാതെ ശ്രുതി ശുദ്ധമായി യാതൊരുവിധത്തിലുള്ള പ്രോംപ്റ്റിംഗും ഇല്ലാതെ നടത്തിയ ആ കലാപ്രകടനം സകല പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു.

പരിപാടി കഴിഞ്ഞതേ മലയാളിയുടെ പരമാവധി പ്രോത്സാഹനമായ ഉഗ്രൻ ഒരു കൈയ്യടിയിൽ തീർക്കാനുറച്ച അഭിനന്ദനത്തേ അതിന്റെ ഉച്ചസ്ഥായിലാക്കിക്കൊണ്ട് ഒരു സ്പ്രിങ് ആക്ഷൻ പോലെ ചാടി എഴുന്നേറ്റ് കൈകൾ ആകാശത്തേക്കുയർത്തി വട്ടം കറങ്ങി ഈ പൊൻമുത്തിനു ഒരു സ്റ്റാൻഡിങ് ഒറേഷൻ നൽകിയത് മേയറും എംപിയും കൗൺസിലറും ഒന്നിച്ചായിരുന്നു. ഭാഷ അറിയാവുന്ന മലയാളികൾക്ക് ഒപ്പം ഭാഷ അറിയാത്ത തദേശീയരും ഒരുപോലെ ആസ്വദിച്ചപ്പോൾ അവിടെ വീണുടഞ്ഞത് ഭാഷയുടെയും ദേശത്തിന്റെയും മതിൽക്കെട്ടുകളായിരുന്നു. കല പൂർണ്ണമാകുന്നത് നയന വിസ്മയത്തിലും ശ്രവണ മാധുര്യത്തിലും മാത്രമല്ല, അത് ഹൃദയത്തിൻറെ ഉള്ളറകളെ ഉണർത്തുമ്പോഴാണ് നിത്യ സത്യത്തെ അടിവരയിട്ടുറച്ചതായിരുന്നു വിശിഷ്ടാതിഥികളുടെ പ്രതികരണം.

ഈ കുരുന്നിന്റെ പ്രതിഭയ്ക്ക് മുമ്പിൽ ശിരസ്സ് നമിച്ചത് സദസ്സാണെങ്കിൽ ജയിച്ചത് കലയാണ്. തെളിഞ്ഞത് ലോകത്ത് ഏതു ദേശക്കാരന്റെ ആണെങ്കിലും ഭാഷക്കാരന്റെ ആണെങ്കിലും ഭാഷ ഒന്നേയുള്ളൂ അതാണ് ഹൃദയത്തിൻറെ ഭാഷ എന്ന സത്യം.

ഇത്രയും വലിയ വിസ്മയം ഈ ഇളം പ്രായത്തിൽ പ്രകടിപ്പിച്ച ഈ കുഞ്ഞിന് എല്ലാ അനുഗ്രഹാശംസകളും നേരുന്നു.

 

 

 

 

 

സിബി തോമസ് കാവുകാട്ട്

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക