സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന എഫ് 35 യുദ്ധവിമാനം തകരാർ പരിഹരിക്കുന്നതിന് ഹാങ്ങറിലേയ്ക്ക് മാറ്റി. അറ്റകുറ്റപ്പണിക്കായി ബ്രിട്ടണില്‍നിന്നുള്ള സംഘം എത്തിയതിനു പിന്നാലെയാണ് വിമാനം ഹാങ്ങറിലേക്ക് കെട്ടിവലിച്ച് നീക്കിയത്. സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ചിറകുകൾ ഇളക്കിമാറ്റി കാർഗോ വിമാനത്തിൽ തിരികെ കൊണ്ടുപോകുമെന്നാണ് വിവരം.

വിമാനത്തിന്റെ കേടുപാടുകൾ പരിശോധിക്കാനായി ബ്രിട്ടണിൽ നിന്നുള്ള സംഘം ഇന്നാണ് തിരുവനന്തപുരത്ത് എത്തിയത്. അറ്റ്ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം എത്തിയത്. 17 പേരാണ് സംഘത്തിലുള്ളത്. എയർ ഇന്ത്യയുടെ മെയിന്റനൻസ് ഹാൻഡിലിലായിരുന്നു എഫ് 35 ഇത്രയും ദിവസം ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ തന്നെ ഹാങ്ങറിലേക്കാണ് വിമാനം ഇപ്പോൾ കെട്ടിവലിച്ചെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ അധികൃതര്‍ നേരത്തതന്നെ അനുമതി നല്‍കിയിരുന്നു. വിദഗ്ധസംഘം എത്തിയശേഷം വിമാനം നീക്കാമെന്നായിരുന്നു യുകെയുടെ നിലപാട്. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന.

അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ജൂണ്‍ 14-നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. തുടർന്ന് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയും ഇവിടെത്തന്നെ തുടരുകയുമായിരുന്നു.