സ്വന്തം ലേഖകൻ
വെസ്റ്റ് യോർക്ക്ക്ഷെയറിലെ ഹാലിഫാക്സിൽ ഒരു വീട്ടിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൻെറ ഫലമായി വീട് മുഴുവനായും അഗ്നിക്കിരയായി. ഭൂകമ്പം പോലുള്ള പ്രകമ്പനങ്ങൾ സ്ഫോടനത്തിൻെറ ഫലമായി ഉണ്ടായി എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി ഫയർ യൂണിറ്റുകൾ കിണഞ്ഞ് പരിശ്രമിച്ചാണ് തീയണയ്ക്കാൻ സാധിച്ചത്. സ്ഫോടനം നടന്ന ഭവനത്തിൻറെ ചുറ്റുമുള്ള 6 വീടുകളിൽ നിന്ന് എല്ലാവരെയും മുൻകരുതലിൻെറ ഭാഗമായി അടിയന്തരമായി ഒഴിപ്പിച്ചു. ഇവരിൽ 98 വയസ്സുള്ള ഒരു വയോധികനും ഉൾപ്പെടുന്നു .
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ദമ്പതികളും മകനും ആയിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. തീ പൂർണമായും അണയ്ക്കാൻ സാധിച്ചു എന്നും പ്രദേശം പൂർണമായും സുരക്ഷിതമാണെന്നും വെസ്റ്റ് യോർക്ക്ക്ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞു . സ്ഫോടനത്തിൻെറ കാരണങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. മൂന്നു മൈലുകൾക്കപ്പുറം വരെ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകൾ.
Leave a Reply