ബ്രെക്സിറ്റ് പരിവർത്തന കാലയളവ് നീട്ടിക്കൊണ്ട് ‘ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന്’ യു.കെയോട് സെന്റർ-റൈറ്റ് യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇപിപി). ഏഞ്ചെല മെർക്കലും ലിയോ വരദ്കറും ഉൾപ്പെടെ 11 യൂറോപ്യൻ യൂണിയൻ നേതാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണ് ഇപിപി. കൊറോണ യൂറോപ്പിനെ മുച്ചൂടും മൂടുന്ന സന്ദര്‍ഭത്തില്‍ ബ്രക്സിറ്റിന്‍റെ ബാക്കി നടപടികളുമായി മുന്നോട്ടു പോകാന്‍ പ്രയാസമുണ്ടെന്നും, വര്‍ഷാവസാനം വരെ താല്‍ക്കാലികമായി എല്ലാം നീട്ടിവയ്ക്കണം എന്നുമാണ് ഇപിപി ആവശ്യപ്പെടുന്നത്.
‘ഈ അസാധാരണമായ സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ ഇരട്ട പ്രഹരത്തെ യുകെ സർക്കാർ എങ്ങനെ നോക്കിക്കാനുമന്ന് എനിക്കറിയില്ല. എന്നാല്‍, യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിൽ നിന്നുള്ള എക്സിറ്റ് അനിവാര്യവുമാണ്’- എന്ന് യൂറോപ്യൻ പാർലമെന്റിന്റെ അന്താരാഷ്ട്ര വ്യാപാര സമിതിയിൽ ഇരിക്കുന്ന ലക്സംബർഗിൽ നിന്നുള്ള എംഇപി ക്രിസ്റ്റോഫ് ഹാൻസെൻ പറഞ്ഞു. ‘പ്രത്യയശാസ്ത്രത്തെക്കാൾ സാമാന്യബുദ്ധിക്ക് പ്രാധാന്യം നല്‍കണം എന്നാണ് എനിക്ക് തോന്നുന്നത്. പരിവര്‍ത്തന കാലയളവ് നീട്ടുകയല്ലാതെ ഇപ്പോള്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാമാരി എല്ലാ ഷെഡ്യൂളുകളും സങ്കീർണ്ണമാക്കി. ഇപ്പോള്‍ പന്ത് ബ്രിട്ടന്‍റെ കോര്‍ട്ടിലാണ്. അവരാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് യുകെയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള യൂറോപ്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജർമ്മൻ എംഇപി ഡേവിഡ് മക്അലിസ്റ്റർ പറഞ്ഞത്.
പിൻവലിക്കൽ കരാർ പ്രകാരം, ബ്രെക്സിറ്റ് സംക്രമണ കാലയളവ് 2020 ഡിസംബർ 31 ന് അവസാനിക്കും. അതായത്, യൂറോപ്യൻ യൂണിയന്‍റെ സിംഗിൾ മാർക്കറ്റില്‍ നിന്നും കസ്റ്റംസ് യൂണിയനില്‍നിന്നുമുള്ള ബ്രിട്ടന്‍റെ അംഗത്വം എടുത്തുകളയപ്പെടും എന്ന്. എന്നാല്‍, ജൂലൈ 1 നകം ഇരുപക്ഷവും സമ്മതിച്ചാൽ ഒന്നോ രണ്ടോ വർഷത്തേക്ക് ഇത് നീട്ടാം. അതേസമയം ഇപിപിയുടെ ആവശ്യം പൂര്‍ണ്ണമായും നിരാകരിക്കുന്ന തരത്തിലാണ് ബ്രിട്ടണ്‍ അതിനോട് പ്രതികരിച്ചത്. ‘2020 ഡിസംബർ 31 ന് പരിവർത്തന കാലയളവ് അവസാനിക്കും. യു,കെ-യുടെ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്പോലെ അതില്‍നിന്നും പിന്നോട്ടു പോകാന്‍ ഉദ്ദേശമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്’ എന്ന് ഇപിപി പ്രസ്താവനയോട് പ്രതികരിച്ച യുകെ സർക്കാർ വക്താവ് പറഞ്ഞു.
Leave a Reply