തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ-സഞ്ജീവനി. ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവരും ടെലി മെഡിസിന്‍ സേവനം ഉപയോഗിക്കേണ്ടതാണ്. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവര്‍ക്കും ഇ-സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ആരോഗ്യ ആവശ്യങ്ങള്‍ക്കും ഇ-സഞ്ജീവിനി ടെലി മെഡിസിന്‍ സേവനങ്ങളെ ആശ്രയിക്കാവുന്നതാണ്. ഇതിലൂടെ മതിയായ കാരണങ്ങളില്ലെങ്കില്‍ ആശുപത്രി സന്ദര്‍ശനവും രോഗ പകര്‍ച്ചയും ഒഴിവാക്കാനാകും. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് ആശുപത്രിയില്‍ നേരിട്ടു പോകാതെ ഓണ്‍ലൈന്‍ വഴി ചികിത്സ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോട് കൂടി തുടക്കം കുറിച്ച ഇ-സഞ്ജീവനി വഴി സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 33 തരം വിവിധ ഒ.പി.ഡി. സേവനങ്ങളാണ് നല്‍കുന്നത്.

സര്‍ക്കാര്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയിലൂടെ സൗകര്യപ്രദമായ സമയത്ത് സൗജന്യ ചികിത്സ തേടാവുന്നതാണ്. ഇ-സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറുപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു.

എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ആവശ്യമുള്ളവരെ അതാത് വിഭാഗങ്ങളിലേക്ക് റഫര്‍ ചെയ്യുന്നു. നവജാത ശിശു വിഭാഗം ഒപി (തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 10 മുതല്‍ 1 മണിവരെ), സൈക്യാട്രി ഒപി (തിങ്കള്‍ മുതല്‍ വെള്ളി വരെ 9 മുതല്‍ 1 വരെ), പോസ്റ്റ് കോവിഡ് ഒ.പി. (എല്ലാ ദിവസവും സമയം 9 മുതല്‍ 5 വരെ), ഡി.ഇ.ഐ.സി. ഒ.പി. (തിങ്കള്‍ മുതല്‍ വെള്ളിവരെ 10 മുതല്‍ 4 വരെ), കൗമാര ക്ലിനിക്ക് (തിങ്കള്‍ മുതല്‍ വെള്ളിവരെ 10 മുതല്‍ 4 വരെ) തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപികളും പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കി വരികയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം (ചൊവ്വ, വ്യാഴം ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ), ഇംഹാന്‍സ് കോഴിക്കോട് (ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 12 വരെ), ആര്‍സിസി തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ 4.15 വരെ), കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ (തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ 12 വരെ), മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശേരി (തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 3 മുതല്‍ 4 വരെ) തുടങ്ങിയ സ്ഥാപനങ്ങള്‍ ഒപി സേവനങ്ങള്‍ ഇ സഞ്ജീവനി വഴിയും ആരംഭിച്ചിട്ടുണ്ട്. 28 ഓളം സേവനങ്ങളാണ് ഈ വിഭാഗങ്ങളില്‍ നിന്നും ലഭ്യമാകുന്നത്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യമായി https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.

ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.

തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.