ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു എസ് : ലോകത്തിലെ ഏറ്റവും ജനപ്രചാരമുള്ള സമൂഹമാധ്യമങ്ങളിൽ ഒന്നായ ഫേസ്ബുക് ഇനി മുതൽ ‘മെറ്റ ‘ എന്ന പേരിൽ അറിയപ്പെടും. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബെർഗ് ആണ് ഫേസ്ബുക്കിന്റെ കോർപ്പറേറ്റ് നാമം മാറ്റിയെന്നുള്ള തീരുമാനം പ്രഖ്യാപിച്ചത്. കൂടുതൽ മേഖലകളിലേക്ക് തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേരിലുള്ള മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ വ്യക്തിഗത ആപ്പുകൾക്ക് പേരിൽ മാറ്റമൊന്നുമില്ല. ഇവയെ എല്ലാം ഉൾക്കൊള്ളിക്കുന്ന പേരെന്റ് കമ്പനിക്ക് മാത്രമാണ് പേരിൽ മാറ്റം ഉണ്ടാവുക. ഫേസ്ബുക്കിനെ സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ മുൻ ജീവനക്കാരൻ ജനങ്ങളിൽ എത്തിച്ചേരുന്നു. ജനങ്ങളുടെ സുരക്ഷിതത്വമല്ല മറിച്ച്, ലാഭം മാത്രമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇതൊക്കെ പേര് മാറ്റങ്ങൾക്ക് കാരണമായെന്ന് വിദഗ്ധർ വിലയിരുത്തുന്നു.2015 ൽ ഗൂഗിൾ തങ്ങളുടെ മാതൃ കമ്പനിയുടെ പേര് ആൽഫബെറ്റ് എന്നാക്കിയിരുന്നെങ്കിലും, അത്ര പ്രശസ്തിയാർജ്ജിച്ചിരുന്നില്ല.
സാമൂഹിക മാധ്യമം എന്ന തരത്തിൽ നിന്നും വിർച്വൽ റിയാലിറ്റി പോലുള്ള കൂടുതൽ അത്യാധുനിക മേഖലകളിലേക്ക് കമ്പനി നീങ്ങുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ പേരുമാറ്റം. വിആർ ഹെഡ്സെറ്റുകളിലൂടെ കമ്മ്യൂണിക്കേഷൻ സാധ്യമാകുന്ന തരത്തിൽ ഒരു ഓൺലൈൻ മെറ്റാലോകം സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മാർക്ക് സക്കർബെർഗ് വ്യക്തമാക്കി. നിലവിലെ പേര് തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിക്കാനാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മെറ്റ ‘ എന്ന ഗ്രീക്ക് പദത്തിന് ഇംഗ്ലീഷിൽ ‘ ബിയൊണ്ട് ‘ അഥവാ പരിമിതികൾക്ക് അപ്പുറം എന്ന അർത്ഥമാണുള്ളത്. കമ്പനിയുടെ അനന്തസാധ്യതകളാണ് പേര് സൂചിപ്പിക്കുന്നതെന്നും സിഇഒ വ്യക്തമാക്കി.
Leave a Reply