ധന്‍ബാദ്: ന്യൂജനറേഷന്‍ പ്രണയങ്ങളുടെ പ്രധാന ഇടനിലക്കാരനാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെ പൂവിടുന്ന ഒട്ടുമിക്ക പ്രണയങ്ങളും അത്ര ശുഭകരമായല്ല അവസാനിക്കുന്നത് എന്നുമാത്രം. ഈ പ്രണയവും മൊട്ടിട്ടത് ഫേസ്ബുക്കിലായിരുന്നു. തന്നെ പാതിവഴിയില്‍ ഉപേക്ഷിച്ച യുവാവിനെതിരേ പെണ്‍കുട്ടി ബലാത്സംഗത്തിനു കേസു കൊടുത്തതോടെയാണ് ഈ കഥയില്‍ട്വിസ്റ്റുകള്‍ തുടങ്ങുന്നത്. ജയിലിലായ യുവാവ് നേരത്തെ പ്രണയം അഭിനയിച്ച് യുവതിയില്‍ നിന്ന് വിലപ്പെട്ടതെല്ലാം കവരുകയായിരുന്നു. എന്നാല്‍ ജയില്‍ വാസം യുവാവിനെ യഥാര്‍ഥ പ്രണയം എന്താണെന്നു പഠിപ്പിച്ചു. ഒടുവില്‍ യഥാര്‍ഥപ്രണയം തിരിച്ചറിഞ്ഞതോടെ ഇരുവരും കോടതിയില്‍ വച്ച് വിവാഹിതരായി. എന്നാല്‍ വിവാഹം കഴിഞ്ഞയുടന്‍ ജയിലിലേക്ക് പോകാനായിരുന്നു യുവാവിന്റെ വിധി. പെണ്‍കുട്ടി സ്വന്തം ഭവനത്തിലേക്കും മടങ്ങി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സിനിമകളെപ്പോലും വെല്ലുന്ന ക്ലൈമാക്സോട് കൂടി ഒരു പ്രണയകഥയ്ക്ക് പരിസമാപ്തിയുണ്ടായത്.
ബീഹാറില്‍ എന്‍ജിനീയറായ 28കാരന്‍ റിതേഷ് കുമാര്‍ 23 കാരി സുദീപ്തി കുമാരിയെ 2012ല്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നപ്പോള്‍ ഇരുവരും കണ്ടുമുട്ടുന്നത് പതിവായി. ബീഹാറില്‍ നിന്ന് ധന്‍ബാദ് വരെ വന്ന് സുദീപ്തിയെ കാണാറുണ്ടായിരുന്നു റിതേഷ്. കഹല്‍ഗാവിലെ ദേശീയ തെര്‍മല്‍ പവര്‍ സ്റ്റേഷനിലായിരുന്നു റിതേഷ് ജോലി ചെയ്തിരുന്നത്. ഇതിനിടയില്‍ ക്ഷേത്രത്തില്‍ വെച്ച് വീട്ടുകാരറിയാതെ ഇരുവരും വിവാഹിതരായി.
എന്നാല്‍ തന്നെ നിയമപരമായി വിവാഹം ചെയ്യണമെന്ന് സുദീപ്തി പറഞ്ഞപ്പോള്‍ റിതേഷിനത് സ്വീകാര്യമായിരുന്നില്ല. വിവാഹം നടന്നാല്‍ അമ്മ ആത്മഹത്യ ചെയ്യുമെന്നായിരുന്നു റിതേഷ് സുദീപ്തിയോട് പറഞ്ഞ ന്യായം.വഞ്ചിതയായെന്ന് തിരിച്ചറിഞ്ഞ സുദീപ്തി തേങ്ങിക്കരയാനോ ആത്മഹത്യ ചെയ്യാനോ മുതിരാതെ ധൈര്യത്തോടെ പോലീസ് സ്റ്റേഷനില്‍ പോയി റിതേഷിനെതിരെ പീഡനത്തിന് പരാതി കൊടുത്തു. ഫെബ്രുവരിയിലായിരുന്നു പരാതി നല്‍കിയത്. സുദീപ്തി പിന്നാക്ക വിഭാഗമായതിനാല്‍ എസ്‌സി എസ്ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. റിതേഷ് ജയിലിലായി.
കഥ അവിടെ അവസാനിച്ചെന്നു കരുതിയാല്‍ തെറ്റി. പുതിയ സംഭവങ്ങളുടെ തുടക്കമായിരുന്നു അത്. റിതേഷിന്റെ അവസ്ഥയില്‍ അലിവ് തോന്നിയ സുദീപ്തി അയാളെ ജയിലില്‍ സന്ദര്‍ശിക്കുക പതിവായി. ഒടുവില്‍ മനസിന്റെ ഉള്ളില്‍ പൂത്ത യഥാര്‍ഥ പ്രണയം തിരിച്ചറിഞ്ഞ റിതേഷ് സുദീപ്തിയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. റിതേഷിന്റെ അഭ്യര്‍ഥന സ്വീകരിച്ച സൂദീപ്തി വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ജാമ്യത്തിന് റിതേഷ് അപേക്ഷിച്ചെങ്കിലും ജാമ്യം നിരസിക്കപ്പെട്ടു. വ്യാഴാഴ്ച്ച പ്രത്യേകാനുമതിയില്‍ കോടതിയിലെത്തിയ റിതേഷ് സുദീപ്തിയെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞയുടനെ റിതേഷ് ജയിലിലേക്ക് മടങ്ങുകയും ചെയ്തു. ജാമ്യം നിരസിച്ചതിനാല്‍ ജയിലില്‍ നിന്ന് പുറത്തുവരാന്‍ റിതേഷിനാകില്ല. റിതേഷ് ജയില്‍ മോചിതനാകുന്നതു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സുദീപ്തി.
Leave a Reply