സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ, നിഖാബ് തുടങ്ങിയ മുഖാവരണം നിരോധിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് നടത്തിയ ജനഹിത പരിശോധന നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 51.2 ശതമാനം പേരാണ് ബുര്‍ഖ നിരോധനത്തെ അനുകൂലിച്ചത്.
ബുര്‍ഖ ധരിച്ച സ്ത്രീകളെ സ്വിസ് പൊതുസ്ഥലങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് കാണാന്‍ സാധിക്കുക. മുഖം മറയ്ക്കുന്ന തരത്തിലുള്ള വേഷ വിധാനം പൊതുസ്ഥലങ്ങളില്‍ അനുവദിക്കരുതെന്നായിരുന്നു ജനഹിത പരിശോധനയിലെ ആവശ്യം.
ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്, ഓസ്ട്രിയ, ഡെന്മാര്ക്ക്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ സമാന നിയമങ്ങള്‍ പാസാക്കിയിട്ടുള്ളത്.
രാജ്യത്താകെയുള്ള 26 പ്രവിശ്യകളിൽ ആറ് ഇടങ്ങളില്‍ ഹിതപരിശോധനയില്‍ നിരോധനത്തിന് ഭൂരിപക്ഷം കിട്ടിയില്ല. ടിസിനോ, സെന്റ് ഗാലന് എന്നീ രണ്ട് പ്രവിശ്യകളിൽ നേരത്തെതന്നെ ഇതിനകം മുഖം മൂടുന്നതിന് പ്രാദേശിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്ന് മറ്റ് മൂന്ന് പ്രവിശ്യകൾ അത്തരം നിര്‍ദേശങ്ങള്‍ നിരസിച്ചിരുന്നു.
15 പ്രവിശ്യകളിൽ പ്രതിഷേധങ്ങളിലും കായിക ഇനങ്ങളിലും മുഖം മറയ്ക്കുന്നത് ഇതിനകം നിരോധിച്ചിരിക്കുകയാണ്.വലത് തീവ്രപക്ഷ കക്ഷികള്‍ (എസ്വിപി) ആണ് ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്തത്. ഹിതപരിശോധന പാസായതോടെ ഇനി രാജ്യത്ത് ഒന്നാകെ നിരോധനം ബാധകമാക്കും .
വനിതകളുടെ അവകാശത്തിനുമേലുള്ള കൈയേറ്റം, വിനോദസഞ്ചാരികളോടുള്ള വിവേചനം, ഒരു മതത്തിന് എതിരായുള്ള നീക്കം തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി സ്വിസ് സര്‍ക്കാരും, പാര്‍ലമെന്റിലെ ഭൂരിപക്ഷവും, ലിബറല്‍ സംഘടനകളും, ബുര്‍ഖ നിരോധനം നിരാകരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ജനഹിതം കൊണ്ടുവരുന്നതിനെ എതിര്‍ത്തിരുന്നു.
ഹിതപരിശോധനയിലൂടെ നിയമങ്ങള്‍ നടപ്പാക്കുന്ന 130 വര്‍ഷം പഴക്കമുള്ള ഭരണഘടനാ സമ്പ്രദായമാണ് സ്വിസ് ജനാധിപത്യത്തിനുള്ളത്. എന്തു നിയമങ്ങള്‍ക്കെതിരെയും ഒരു ലക്ഷം ഒപ്പ് ശേഖരിച്ചു ജനങ്ങള്‍ക്ക് ഹിത പരിശോധന കൊണ്ടുവരാനുള്ള അവകാശമുണ്ട്.
ഈ സംവിധാനത്തില്‍ ഇതുവരെയായി 23 പ്രാവശ്യമാണ് ഇത്തരം ഹിതപരിശോധനകള്‍ വിജയിട്ടുള്ളത്. 2014നു ശേഷം ഇതാദ്യമാണ്.
86 ലക്ഷമാണ് സ്വിറ്റ്സര്‍ലണ്ടിലെ ജനസംഖ്യ. ഇതില്‍ ഏതാണ്ട് അഞ്ച് ശതമാനം ഇസ്ലാം മത വിശ്വാസികളാണ്. തുര്‍ക്കി, ബോസ്നിയ, കൊസോവൊ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും.
Leave a Reply