ഫഹദ് ഫാസില്‍, റിമ തുടങ്ങിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ശ്രദ്ധേയമായ ചിത്രമായിരുന്നു 22 ഫീമെയില്‍ കോട്ടയം. എന്നാല്‍ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം നഴ്‌സുമാര്‍ തന്റെ മുഖത്തേക്ക് നോക്കാറില്ലെന്ന് ഫഹദ് ഫാസില്‍. എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ‘ടേക്ക് ഓഫി’ന്റെ പ്രചാരണ പരിപാടിക്കിടെയാണ് ഫഹദ് ഇത് വെളിപ്പെടുത്തിയത്.
നഴ്‌സുമാരുടെ സേവനത്തെ എത്ര മഹത്വവല്‍ക്കരിച്ചാലും മതിയാകില്ല. ടേക്ക് ഓഫിന്റെ ഭാഗമായതില്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. 22 ഫീമെയില്‍ കോട്ടയം സിനിമയില്‍ അഭിനയിച്ചതിന് ശേഷം നഴ്‌സുമാര്‍ മുഖത്തേക്ക് നോക്കാറില്ല. ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അഭിനയിക്കുമ്പോള്‍ ഷൂട്ടിനായി കോട്ടയത്തെ ഒരു ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അവിടുത്തെ ഹെഡ് നഴ്‌സ് തന്നെ കണ്ടപ്പോള്‍ ഞെട്ടി ‘ഈശോ’ എന്ന് വിളിച്ച് ഒരു സ്‌റ്റെപ്പ് പിറകിലേക്ക് പോയെന്നു താരം പറഞ്ഞു. അതിന്റെ ഒരു തെറ്റു തിരുത്തലാണ് ടേക്ക് ഓഫ് എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.ചിത്രത്തില്‍ മാറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന കുഞ്ചാക്കോ ബോബന്‍ താന്‍ ജനിച്ച ലിസി ഹോസ്പിറ്റലില്‍ തന്നെ ചിത്രത്തിന്‍റെ പ്രചാരണത്തിനെത്തിയത് ഏറെ സന്തോഷം തരുന്ന ഒന്നാണെന്ന് അറിയിച്ചു.

അകാലത്തില്‍ അന്തരിച്ച യുവ സംവിധായകന്‍ രാജേഷ്‌ പിള്ള സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നു ടേക്ക് ഓഫ്. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്ന് മഹേഷ്‌ നാരായണന്‍ ആണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫഹദ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നു.