എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാടില്‍ സിറോ മലബാര്‍ സഭ പരമാധ്യക്ഷനും അതിരൂപത ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പങ്കുണ്ടെന്ന സംശയം ഉറപ്പിക്കുന്നതിന് ബലം നല്‍കുന്നതായിരുന്നു അതിരൂപതയില്‍ ഒരു അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഉത്തരവ്. സിറോ മലബാര്‍ സഭയുടെ ആസ്ഥാനം കൂടിയായ എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥാനീയ മെത്രാന്‍ കൂടിയായിരുന്നു സഭ മേലധ്യക്ഷനായിരുന്ന മാര്‍ ആലഞ്ചേരി. സഭയുടെ കേരള ചരിത്രത്തില്‍, ഒരുപക്ഷേ ആഗോളതലത്തില്‍ തന്നെ- ആദ്യമായിട്ടായിരിക്കാം ഒരു ആര്‍ച്ച് ബിഷപ്പില്‍ നിന്നും പ്രധാനപ്പെട്ട അധികാരങ്ങളെല്ലാം എടുത്തുമാറ്റുന്നത്. ചരിത്രപരമായ ഈ തീരുമാനത്തിനു പുറത്ത് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയോഗിക്കപ്പെടുകായിരുന്നു പാലക്കാട് അതിരൂപത അധ്യക്ഷനായിരുന്ന ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടം. മാര്‍പാപ്പ നേരിട്ട് അധികാരം കൊടുത്ത് നിയമിച്ച ആ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്നൊരു വ്യാജരേഖ കേസില്‍ പ്രതിയായിരിക്കുകയാണ്. അതും സിറോ മലബാര്‍ സഭ സിനഡിന്റെ നിര്‍ദേശപ്രകാരം നല്‍കിയ പരാതിയില്‍!

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചു എന്ന പരാതിയിലാണ് ബിഷപ്പ് മനത്തോടം രണ്ടാം പ്രതിയായിരിക്കുന്നത് എന്നതാണ് ഇവിടെ ഏറ്റവും നിര്‍ണായകമായ ഘടകം. കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരനുമായി കര്‍ദിനാള്‍ ആലഞ്ചേരിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജ ബാങ്ക് രേഖകള്‍ ചമച്ചെന്നാണ് ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടിനും രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരേയുള്ള പരാതി.

പൊട്ടിത്തെറിയുടെ വക്കില്‍ സിറോ മലബാര്‍ സഭ; മാര്‍ ആലഞ്ചേരിക്കെതിരേ വ്യാജ രേഖയുണ്ടാക്കി എന്നാരോപിച്ച് ഫാ. പോള്‍ തേലക്കാട്ടിനെതിരെ പോലീസ് കേസ്

അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ മാര്‍ ജേക്കബ് മനത്തോടത്തിന് ഒരു അന്വേഷണ കമ്മിഷന്റെ ചുമതലയാണുള്ളത്. ഭൂമി വിവാദത്തിലെ യഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുക എന്നതാണ് ആ ചുമതല. അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിലവിലുള്ള റോള്‍ കഴിയും. അന്വേഷണം ഏകദേശം പൂര്‍ത്തിയാവുകയും റിപ്പോര്‍ട്ട് വത്തിക്കാനിലേക്ക് അയക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ ക്രിമിനല്‍ കേസ് വരുന്നത്.

അതിരൂപതിയില്‍ കര്‍ദിനാളിന്റെ അറിവോടെ നടന്ന ഭൂമിക്കച്ചവടവും അതിനോട് അനുബന്ധിച്ച് ഉയര്‍ന്ന വിവാദവും എല്ലാം തന്നെ തെളിവുകള്‍ സഹിതം മാര്‍പ്പാപ്പയെ എറണാകുളത്തെ വൈദികര്‍ അറിയിച്ചിരുന്നതാണ്. അതില്‍ നിന്നും അന്യായം നടന്നിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് കര്‍ദിനാള്‍ ആലഞ്ചേരിക്ക് തന്റെ അധികാര സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. നിലവില്‍ മെത്രാപ്പോലിത്തന്‍ ആര്‍ച്ച് ബിഷപ്പ് ആയി ആലഞ്ചേരി തുടരുന്നുണ്ടെങ്കിലും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ട് ആയിരിക്കും കര്‍ദിനാളിന്റെ ഭാവി തീരുമാനിക്കുന്നത്. ഇങ്ങനെയൊരു യഥാര്‍ത്ഥ്യം മുന്നിലുണ്ടെന്നതാണ് മനത്തോടത്ത് പിതാവിനും തേലക്കാട്ടച്ചനും എതിരേ വന്നിരിക്കുന്ന കേസിനു പിന്നില്‍ ചില ഗൂഢനീക്കങ്ങള്‍ ഉണ്ടെന്നു വിശ്വാസികളില്‍ ഒരു വിഭാഗം ആരോപിക്കാന്‍ കാരണവും.

എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചുകൊണ്ട് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തിന് വത്തിക്കാനില്‍ നിന്നും ചില പ്രത്യേക അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്‍പ്രകാരം, ഭൂമി വിവാദത്തില്‍ അന്വേഷണം തീരും വരെ എറണാകുളം അങ്കമാലി അതിരൂപത സിനഡിനു കീഴിലല്ല, വത്തിക്കാന്റെ കീഴിലാണ്. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടത് പോപ്പിനെയാണ് ആര്‍ച്ച് ബിഷപ്പിനെയല്ല. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാന നിയമനത്തിനൊപ്പം നല്‍കുന്ന ബോണ്ട് ഓഫ് ഇന്‍സ്ട്രക്ഷനില്‍ വ്യക്തമായി പറയുന്ന കാര്യം, ആര്‍ച്ച് ബിഷപ്പിന്റെയോ സിനഡിന്റെയോ യാതൊരു അഭിപ്രായങ്ങളും കേള്‍ക്കണ്ട ചുമതല അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇല്ല എന്നാണ്. അവരോട് വിധേയനായിരിക്കേണ്ടതില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്. പറയുന്നത് കേള്‍ക്കാം. സ്വീകരിക്കണമെന്നില്ല. അതുപോലെ ആര്‍ച്ച് ബിഷപ്പിനോട്, എറണാകുളം അതിരൂപതയുടെ യാതൊരു ഭരണക്രമങ്ങളിലും ഇടപെടരുതെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാര്‍പാപ്പയുടെ ഈ നിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമാണ് ജേക്കബ് മനത്തോടത്തിനെതിരേയുള്ള കേസ്. മനത്തോടത്തിനെതിരേ പരാതി ഉണ്ടായിരുന്നെങ്കില്‍ സിനഡ് ഇക്കാര്യം മാര്‍പാപ്പയെ ആയിരുന്നു അറിയിക്കേണ്ടത്. കാരണം, മനത്തോടത്ത് മാര്‍പാപ്പയുടെ പ്രതിനിധിയായ അഡ്മിനിസ്‌ട്രേറ്ററാണ്. എന്നാല്‍ ഇവിടെ നടന്നിരിക്കുന്നത്, മാര്‍പാപ്പയെ പോലും മറികടന്ന് സ്വയം തീരുമാനമെടുക്കലാണ്.

ഫാ. പോള്‍ തേലക്കാട്ടിനെതിരേ കേസ് കൊടുത്തിട്ടില്ല; മാധ്യമങ്ങളെ പഴിചാരി സിറോ മലബാര്‍ സഭയുടെ ന്യായീകരണം

കേസ് വലിയൊരു വിവാദത്തിലേക്ക് മാറിയപ്പോള്‍ സഭ തലവന്മാര്‍ കൊണ്ടു വന്ന ന്യായീകരണം ഇങ്ങനെയായിരുന്നു; എറണാകുളംഅങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്തിന് ഫാ. പോള്‍ തേലക്കാട്ട് കൈമാറിയ ഒരു വ്യാജരേഖയാണ് കേസിന് ആസ്പദം. സീറോമലബാര്‍ സഭാ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് പ്രസ്തുത രേഖയില്‍ കാണുന്നത്. ഈ രേഖ ബിഷപ് മനത്തോടത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഏല്‍പ്പിക്കുകയും മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇത് സീറോമലബാര്‍ സഭാ സിനഡിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് തനിക്ക് പ്രസ്തുത ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും പ്രസ്താവിക്കുകയുണ്ടായി. പ്രസ്തുത ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആ ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖയിലുള്ള അക്കൗണ്ട് നമ്പര്‍ തന്നെ വ്യാജമാണെന്നും വ്യക്തമായി.

മേജര്‍ ആര്‍ച്ച് ബിഷപ്പിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില ഗൂഢശക്തികള്‍ ചമച്ച ഈ വ്യാജരേഖയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിനഡ് തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനായി ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സീറോമലബാര്‍ സഭയ്ക്കും സഭാ തലവനുമെതിരായി ചിലര്‍ നിരന്തരം ദുരുദ്ദേശത്തോടെ വ്യാജരേഖകളും വ്യാജവാര്‍ത്തകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിനഡ് ഇപ്രകാരം തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സഭാകാര്യാലയത്തില്‍ നിന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത് വ്യാജരേഖ ചമച്ച വ്യക്തിയെ/വ്യക്തികളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുക എന്നതാണ്.

ഈ പ്രസ്താവനയില്‍ പോള്‍ തേലക്കാട്ടിനും ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരേ എഫ് ഐ ആര്‍ ഇട്ടിരിക്കുന്ന കാര്യം പരാമര്‍ശിക്കുന്നേയില്ല. പോള്‍ തേലക്കാട്ടിനെതിരേ കേസ് കൊടുത്തതെന്നത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥയാണെന്നായിരുന്നു ആക്ഷേപം. എന്നാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ എന്താണ് യാഥാര്‍ത്ഥ്യങ്ങള്‍ എന്നു വ്യക്തമാക്കുന്നുണ്ട്.

ക്രൈം 414/19 U/s 471,468,34 IPC പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികളായി പേര് ചേര്‍ത്തിരിക്കുന്നത് ഫാ. പോള്‍ തേലക്കാട്ടിന്റെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയുമാണ്.

"</p
സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു കിട്ടുന്ന ഫസ്റ്റ് ഇന്‍ഫര്‍മോഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യം ; ’25/2/2019 vd സിറോ മലബാര്‍ ചര്‍ച്ച് ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോബി മപ്രക്കാവില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി, സിറോ മലബാര്‍ സഭയുടെ ഉന്നതന്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ പേരില്‍ വ്യാജ ബാങ്ക് അകൗണ്ട് ഉണ്ടാക്കി, പണമിടപാട് നടത്തിയതിന്റെ വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ 2019 ജനുവരി 7 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ സമര്‍പ്പിച്ച് പ്രതികള്‍ മാര്‍ ആലഞ്ചേരി പിതാവിനെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചു എന്നും സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയ ജോസഫ് സാജനു മുന്നില്‍ മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ 25/2/2019 വൈകിട്ട് 4.33 ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ക്രൈം 414/19 U/s 471, 468,34 IPC പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ കോടതിക്കും മറ്റ് മേലധികാര സ്ഥാപനങ്ങളിലേക്കും അയക്കുന്നു’ എന്നാണ്.

"</p
ഫാ. ജോബി മപ്രക്കാവില്‍ പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളും ലഭ്യമാണ്. ഫാ. ജോബി നല്‍കിയിരിക്കുന്ന മൊഴി ഇതാണ്; കാക്കനാട് മൗണ്ട് സെന്റ്. തോമസ് എന്ന സ്ഥാപനത്തില്‍ വെച്ച് 2019 ജനുവരി 7 മുതല്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ സഭയിലെ ഉന്നതര്‍ പങ്കെടുത്ത സിനഡില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ അകൗണ്ടിലൂടെ അനധികൃതമായി പണമിടപാട് നടത്തിയെന്ന് ആരോപിച്് സിറോ മലബാര്‍ സഭയുടെ മുന്‍ പിആര്‍ഒ യും ഇപ്പോള്‍ കലൂര്‍ ആസാദ് റോഡിലെ റിന്യൂവല്‍ സെന്ററില്‍ താമസിക്കുന്ന സത്യദീപം എന്ന ഇംഗ്ലീഷ് മാഗസിന്റെ ചീഫ് എഡിറ്ററും ആയ ഫാദര്‍ പോള്‍ തേലക്കാട്ട് എന്നയാള്‍ വ്യാജ ബാങ്ക് പണമിടപാട് സ്റ്റേറ്റുമെന്റുകള്‍ ഉണ്ടാക്കി എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നയാള്‍ വഴി മേല്‍ സിനഡില്‍ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ച കാര്യം പറയാന്‍ വന്നതാണ്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ളതെന്നു പറയുന്ന ഐസിഐസിഐ ബാങ്കിന്റെ വ്യാജ അകൗണ്ട് നമ്പര്‍ 9819745232111 ല്‍ നിന്നും ലുലു, മാരിയറ്റ്, കൊച്ചിയുടെ അകൗണ്ടിലേക്ക് 09/07/2017 തീയതി 85000 രൂപയും 12/10/2016 തീയതി മാരിയറ്റ് കോര്‍ട്ട് യാര്‍ഡിന്റെ 157801532333 എന്ന അകൗണ്ടിലേക്ക് 16,00000 ലക്ഷം രൂപയും 21/09/2016 ലുലു കണ്‍വെന്‍ഷന്റെ അകൗണ്ട് നമ്പരായ 502000082577752 ലേക്ക് 8,93,400 രൂപയും അനധികൃതമായി പണമിടപാട് നടത്തിയതിന്റെ വ്യാജ സ്റ്റേറ്റ്‌മെന്റുകള്‍ ആണ് സമര്‍പ്പിച്ചത്. എന്നാല്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ പേരില്‍ ഐസിഐസിഐ ബാങ്കില്‍ ഇങ്ങനെ ഒരു അകൗണ്ട് ഇല്ലാത്തതാണ്.

"</p
മേല്‍പ്പറഞ്ഞിരിക്കുന്ന മൊഴി/എഫ് ഐ ആര്‍ പകര്‍പ്പുകളില്‍ നിന്നും വ്യാജരേഖ കേസ് ഫാ. പോള്‍ തേലക്കാട്ടിനും ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരായാണ് നല്‍കിയിട്ടുള്ളതെന്നു വ്യക്തമാണ്. ഇതേ ആക്ഷേപമാണ് ഇപ്പോള്‍ വിശ്വാസികളും ഉയര്‍ത്തുന്നത്. സഭാ സുതാര്യത സമിതി(എഎംടി) ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എറണാകുളം അതിരൂപത ഭൂമിവിവാദവുമായി ബന്ധപ്പെട്ട അന്വേഷണം അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ അത് എതിരായി വരും എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് അതില്‍ നിന്ന് രക്ഷപെടാനാണ്, അന്വേഷണത്തിന് നേതൃത്വം നല്‍കിയ വത്തിക്കാന്റെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും ഫാ.പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയും ആക്കി സിറോ മലബാര്‍ സഭ ഐ ടി മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി മാപ്രാകാവില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് വേണ്ടി കേസ് കൊടുത്തിരിക്കുന്നതെന്നാണ് എഎംടി ആരോപിക്കുന്നത്.

“ഫാ. പോള്‍ തേലക്കാട്ടിനെ ചതിക്കുകയായിരുന്നു..”; ആ രേഖ എങ്ങനെ സിനഡില്‍ എത്തി? സിറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസ് കൂടുതല്‍ വിവാദങ്ങളിലേക്ക്

ഒരു വൈദികനെതിരെ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ കാനോന്‍ നിയമം അനുസരിച്ച് അതാത് മെത്രാന്റെ അനുവാദം വാങ്ങിയിരിക്കണം. മാര്‍പ്പാപ്പ നിയമിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ പ്രതി ചേര്‍ക്കാന്‍ ഇവിടെ മെത്രാന്‍ സിനഡിന് പോലും കാനോന്‍ നിയമം പ്രകാരം സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കേസ് കൊടുക്കാന്‍ ഫാ ജോബിക്ക് പിന്നില്‍ കര്‍ദിനാള്‍ ആലഞ്ചേരി തന്നെയാണെന്നു മനസിലാക്കാം. തനിക്കെതിരെ നടക്കുന്ന അന്വേഷണം സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്നും എഎംടി ഭാരവാഹികള്‍ ആരോപിക്കുന്നു.

ഐ ടി മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി മപ്രകാവിലിനെ ഉടന്‍ നീക്കം ചെയ്യുക, ഫാ.പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയും മാര്‍ ജേക്കബ് മാനത്തോടത് രണ്ടാം പ്രതിയും ആയി കൊടുത്തിട്ടുള്ള പരാതി ഉടന്‍ പിന്‍വലിച്ചു മാപ്പ് പറയുക, വ്യാജ രേഖയെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക, അന്വഷണ കമ്മിഷനു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കുക, ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിശ്വാസികളുടെ മുഴുവന്‍ സംശയങ്ങളും ദൂരീകരിക്കുകയും എറണാകുളം അതിരൂപതയുടെ നഷ്ടം തിരിച്ചു ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ സിനഡിനു മുന്നില്‍ വയ്ക്കുകയാണെന്നും എഎംടി ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, പ്രസിഡന്റ് മാത്യു കാറൊണ്ടുകടവില്‍ വക്താവ് ഷെജു ആന്റണി എന്നിവര്‍ അറിയിക്കുന്നു.

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ് പുതിയ വിവാദത്തില്‍; മാര്‍പാപ്പ നിയമിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററും പ്രതി

കോടികളുടെ നഷ്ടം അതിരൂപതയ്ക്ക് വരുത്തി വച് ഭൂമിക്കച്ചവടവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും വീണ്ടും ശക്തമാക്കിയിരിക്കുകയാണ് ഇപ്പോഴത്തെ വ്യാജരേഖ കേസ്. വത്തിക്കാന്‍ പ്രതിനിധിയായ ഒരാള്‍ക്കെതിരേ കേസ് കൊടുക്കുന്ന തരത്തിലേക്ക് തിരിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സിറോ മലബാര്‍ സഭയെ വരുംദിവസങ്ങളില്‍ പിടിച്ചുകുലുക്കുമെന്ന കാര്യത്തിലും സംശയമില്ല. തനിക്കെതിരേ കേസ് കൊടുത്തത് ശരിയായില്ലെന്നു ബിഷപ്പ് മനത്തോടവും എന്തിനാണ് ഇങ്ങനെയൊരു കേസ് എന്ന് മനസിലാകുന്നില്ലെന്നു ഫാ. പോള്‍ തേലക്കാട്ടും പറയുമ്പോള്‍, പുറത്തു വരുന്ന തെളിവുകള്‍ സഭ നേതൃത്വത്തിലുള്ളവരെ കൂടുതല്‍ കുരുക്കിലാക്കുകയാണ്.