ഫേസ്ബുക്കിലൂടെയുളള പ്രണയം മൂത്തപ്പോള്‍ കാമുകനോട്, കാമുകി ഗോവയിലേക്കോ മുംബൈയിലേക്കോ ടൂര്‍ പോകണമെന്നാവശ്യപ്പെട്ടു. കാശില്ലാത്ത കാമുകനാകട്ടെ കാമുകിക്ക് വ്യാജ വിമാനടിക്കറ്റും നല്‍കി. വിനോദയാത്രക്കിറങ്ങിയ ദിവസം ട്രിപ്പ് മുടക്കാന്‍ വിമാനം റാഞ്ചുമെന്ന് ഇമെയിലിലൂടെ കാമുകന്‍ പൊലീസിന് വ്യാജസന്ദേശവും അയച്ചു.
പൊലീസും മറ്റു സുരക്ഷാ സംവിധാനങ്ങളും നെട്ടോട്ടം ഓടിയ ‘വിമാനറാഞ്ചല്‍’ സന്ദേശത്തിന് പിന്നിലെ കഥ ഇങ്ങനെയാണ്.ഹൈദരാബാദ് മിയാപുരിയിലെ ബിസിനസുകാരനായ വംശി കൃഷ്ണയാണ് ടൂര്‍ ഒഴിവാക്കാന്‍ വ്യാജസന്ദേശം അയച്ച് വെട്ടിലായത്. ഭാര്യയും ഒരു പെണ്‍കുഞ്ഞുമുളള വംശി, ഫേസ്ബുക്കിലൂടെയാണ് ചെന്നൈ സ്വദേശിയായ യുവതിയുമായി ചങ്ങാത്തത്തിലായത്. ചാറ്റിങ്ങിനിടെ മുംബൈയിലെക്കോ ഗോവയിലേക്കോ ടൂര്‍ പോകാമെന്ന് പറഞ്ഞ കാമുകി, മുംബൈയില്‍വച്ച് കണ്ടുമുട്ടാമെന്നും ഉറപ്പ് നല്‍കി. എന്നാല്‍ ഫ്‌ളൈറ്റ് ടിക്കറ്റിന് കാശില്ലാത്ത യുവാവ്, ചെന്നൈയില്‍ നിന്നും മുംബൈയിലേക്കുളള വ്യാജ ടിക്കറ്റ് അയച്ചുകൊടുത്തു.
പിന്നീടാണ് അന്നേ ദിവസം ട്രിപ്പ് മുടക്കാന്‍ വിമാനത്താവളത്തിലേക്ക് വ്യാജസന്ദേശം അയച്ചത്. ഏപ്രില്‍ 15ന് ആറ് പേര്‍ ചേര്‍ന്ന് മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ ഹൈജാക്ക് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു സന്ദേശം. ഐപി അഡ്രസ് പിന്തുടര്‍ന്നെത്തിയ പൊലീസാണ് വംശിയെ പിടികൂടിയത്. എന്നാല്‍ കാമുകിയുടെ വിമാനയാത്ര ഒഴിവാക്കാനായിരുന്നു വളഞ്ഞ വഴിയെന്ന് അറിഞ്ഞതോടെ പൊലീസാണ് ശരിക്കും ഞെട്ടിയത്. വംശി കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Leave a Reply