വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കു സുരക്ഷയൊരുക്കുന്ന പ്രത്യേക സേനയില്‍ അംഗമാകാന്‍ ഒരുങ്ങി തിരുവനന്തപുരത്തുകാരി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് സെക്യൂരിറ്റിയില്‍ നിയമിതയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പാലോടുകാരിയായ വൈഎസ് യാസിയ.

പോലീസുകാരനായിരുന്ന പിതാവിന്റെ സ്വപ്‌നത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് യാസിയ ഈ പദവിയിലെത്തിയിരിക്കുന്നത്. കേരളത്തില്‍നിന്ന് 13 പേര്‍ക്കായി നടത്തിയ പരീക്ഷകളിലും അഭിമുഖത്തിലും നിന്നാണ് 34-കാരിയായ യാസിയ ഈ പദവിയിലേയ്ക്ക് എത്തിയത്. പോലീസ് സര്‍വീസിലിരിക്കേ രോഗബാധിതനായാണ് യാസിയയുടെ പിതാവ് പാലോട് ഇലവുപാലം വൈഎസ് മന്‍സിലില്‍ എം യഹിയ മരണപ്പെട്ടത്.

പെണ്‍മക്കളില്‍ ഒരാളെയെങ്കിലും പോലീസ് സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാക്കുകയെന്നത് യഹിയയുടെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നമാണ് ഇന്ന് മകള്‍ യാസിയ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മൂത്തമകളാണ് യാസിയ. ഇക്ബാല്‍ കോളേജില്‍നിന്നു ബിരുദപഠനം കഴിഞ്ഞ് 2010-ലാണ് യാസിയ പോലീസ് സേനയില്‍ ചേരുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ബ്യൂറോ ഓഫ് സെക്യൂരിറ്റിയില്‍ അവസരമുണ്ടെന്നറിഞ്ഞാണ് അപേക്ഷയയച്ചത്. തുടര്‍ന്ന് എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷകളും കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍നിന്നു പരിശീലനത്തിനെത്തിയ 20 പേരില്‍ ആകെ തെരഞ്ഞെടുക്കപ്പെട്ടത് 12 പേരായിരുന്നു. അതില്‍ ഒന്നാമതായിരുന്നു യാസിയ. സുബൈലാണ് യാസിയയുടെ മാതാവ്. ഷിബു ഷംസുദീന്‍ ഭര്‍ത്താവും സാറായാസി, ആദംസ്മിത്ത് എന്നിവര്‍ മക്കളുമാണ്.