കോട്ടയം: ചികിത്സാസഹായം ആവശ്യപ്പെട്ട് ഗാനമേള തട്ടിപ്പ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. മണിമല സ്വദേശികളായ ജോയി, സുകുമാരന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വൈകല്യം ബാധിച്ച കോട്ടയം സ്വദേശിയായ പതിനൊന്ന് വയസുകാരന് ചികിത്സാ സഹായം നല്‍കുന്നതിനായിട്ടാണ് ഗാനമേളയെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇതിനായി നല്ലൊരു തുക ഇവര്‍ നാട്ടുകാരില്‍ സമാഹരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വാഹനത്തിലെ ഫ്‌ളക്‌സില്‍ നല്‍കിയിരിക്കുന്ന നമ്പരില്‍ നാട്ടുകാരില്‍ ചിലര്‍ വിളിച്ചതോടെ തട്ടിപ്പു വിവരം പുറത്താകുകയായിരുന്നു. കോട്ടയം മണിമല സ്വദേശിയായ പതിനൊന്നു വയസ്സുകാരന്റെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്ത സംഘം ചികിത്സക്കാവശ്യമായ പണം നല്‍കാമെന്ന വ്യവസ്ഥയില്‍ കുട്ടിയുടെ പേരില്‍ അക്കൗണ്ട് എടുപ്പിച്ചിരുന്നു. കുട്ടിയുടെ പിതാവുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ രണ്ടാഴ്ച മുന്‍പ് സംഘം 20,000 രൂപ നല്‍കിയിരുന്നതായി പറഞ്ഞു. ഇതിനു ശേഷം പണമൊന്നും ഇവര്‍ നല്‍കിയില്ലെന്ന് പിതാവ് മൊഴി നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവര്‍ ജില്ലയില്‍ നിന്ന് മൊത്തം ഒരുലക്ഷത്തോളം പിരിച്ചെടുത്തതായിട്ടാണ് പൊലീസ് നിഗമനം. ഹൈറേഞ്ച് മേഖലകളില്‍ നിന്ന് ഇന്നലെ മാത്രം 13,000 രൂപയോളമാണ് ഇവര്‍ പിരിച്ചത്. ഈ പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് പതിനൊന്നു വയസ്സുകാരന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്‍കാനാണ് പോലീസിന്റെ തീരുമാനം. പിടിയിലായ ഒരാള്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഡ്രൈവറാണ്. രക്ഷപ്പെട്ടയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.